ബിഗ് ബോസിൽ താൻ പുറത്തായത് ഗൗതം ശശി കാരണമല്ലെന്ന് ശ്രീലക്ഷ്മി അറക്കൽ വ്യക്തമാക്കി. സായ് കൃഷ്ണയുടെ പരാമർശങ്ങൾക്ക് മറുപടിയായാണ് ഗൗതമുമായുള്ള സൗഹൃദത്തെ പിന്തുണച്ചും തങ്ങൾക്കിടയിൽ ആരുടെയും ഇടപെടൽ ആവശ്യമില്ലെന്നും ശ്രീലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് സഹമൽസരാ‍ർത്ഥിയായ ഷിബിനയുടെ വസ്ത്രത്തിൻ്റെ വള്ളി അഴിക്കുകയും അതിൽ ചെരുപ്പ് കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ ഗൗതം ശശിയും, അതിനെ പ്രോത്സാഹിപ്പിച്ചതിന് ശ്രീലക്ഷ്മി അറക്കലും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. പിന്നീട് ശശി ഉള്ളയിടം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന സഹമത്സരാർത്ഥി നോബിയുടെ ആരോപണവുമെത്തി. ഷോയിൽ നിന്ന് പുറത്തായ ശേഷം ശ്രീലക്ഷ്മി ഇതിനെല്ലാമെതിരെ ശക്തമായി രംഗത്തുവന്നു. ഗൗതം സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ലെഗസി വീക്കിന്റെ ഭാഗമായി ബിഗ്ബോസിലെത്തിയ സായ് ക‍ൃഷ്ണ ഈ വിഷയം വീണ്ടും ചർച്ചയാക്കിയതോടെ വീണ്ടും ഗൗതമിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ശശി കാരണമല്ല താൻ ബിഗ്ബോസിൽ നിന്നും പുറത്തായതെന്നും സായ് കൃഷ്ണക്ക് മറുപടിയായി ശ്രീലക്ഷ്മി പറയുന്നുണ്ട്.

''ശശിയും ഞാനും തമ്മിലുള്ളത് ഒരു ജെനുവിൻ ബോണ്ട് ആണ്. ഏത് ഏജന്റ് വിചാരിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല ഞങ്ങൾക്കിടയിലുള്ള സൗഹൃദം. ശശിയും ഞാനും ഒരുമിച്ച് ചെയ്ത ഒരു കാര്യത്തിന് ശശിക്ക് എത്രത്തോളം നെഗറ്റീവ് ഇംപാക്ട് ഉണ്ടാകുമെന്ന പേടിയിലാണ് അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തത്. ശശി കാരണമല്ല ഞാൻ ബിഗ് ബോസിൽ നിന്ന് പുറത്തായത്. മാസ് എവിക്ഷൻ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ അവിടെത്തന്നെ തുടർന്നേനെ. ഇനി അഥവാ ശശി കാരണമാണ് ഞാൻ പുറത്തായതെങ്കിൽ പോലും എനിക്കതിൽ ഒരു വിഷമവുമില്ല. കാരണം, ബിഗ് ബോസ് എന്ന ഗെയിമിനും അതിനപ്പുറമാണ് ശശിയെപ്പോലെ ഒരാളെ ജീവിതത്തിൽ ഒരു സുഹൃത്തായി ലഭിക്കുക എന്നത്.

എന്റെ ജീവിതത്തിൽ ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ നിഷ്കളങ്കരും ശുദ്ധമായ മനസ്സുള്ളവരുമായ മനുഷ്യരെ വിരലിലെണ്ണാവുന്നവരിൽ മാത്രം ഞാൻ കണ്ടിട്ടുള്ളൂ. അത്തരത്തിൽ ഒരാളാണ് ഗൗതം ജി. ശശി. അങ്ങനെയൊരാളെ എനിക്ക് സുഹൃത്തായി സമ്മാനിച്ചതിന് ഈ ബിഗ് ബോസ് ഷോയോട് എനിക്ക് എന്നും നന്ദിയുണ്ടാകും.

എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടതില്ല. എന്റെയും ശശിയുടെയും ഇടയിലുള്ള കാര്യങ്ങൾ ഞങ്ങൾ തന്നെ ഉടനടി സംസാരിക്കും. ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ഒരു ഏജന്റിന്റെയും ഇടപെടൽ ആവശ്യമില്ല. ശശിയെ നേരിൽ കാണാനും, "നീ കാരണമല്ല ഞാൻ പുറത്തായത്" എന്ന് അവനോട് നേരിട്ട് പറയാനും ഞാൻ കാത്തിരിക്കുകയാണ്. ചില ബന്ധങ്ങൾ ഒരു ഗെയിമിന്റെ ഭാഗമല്ല. ജീവിതം സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ സൗഹൃദങ്ങളാണ്'', ശ്രീലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.