അതിജീവനം വെറുതെയായില്ല; ബിഗ് ബോസ് സീസൺ 7 കപ്പുയർത്തി അനുമോൾ

Published : Nov 09, 2025, 11:11 PM IST
Anumol Bigg Boss 7 winner

Synopsis

ആരോപണങ്ങൾ, ചർച്ചകൾ, വിവാദങ്ങൾ, ബഹളങ്ങൾ... അങ്ങനെ എല്ലാത്തിനുമൊടുവിൽ ദിൽഷാ പ്രസന്നന് ശേഷം മലയാളം ബിഗ് ബോസിന്റെ വിജയ കിരീടം മറ്റൊരു വനിതാ മത്സരാർത്ഥി ചൂടിയിരിക്കുന്നു!

ഈ സീസണിലെ ഏറ്റവും പരിചിത മുഖങ്ങളിൽ ഒന്നായിരുന്നു അനുമോളുടെത്. അതുകൊണ്ടുതന്നെ വീട്ടിൽ പെട്ടെന്ന് കളം പിടിക്കാൻ അനുവിനാകും എന്നും പലരും കരുതി. പക്ഷേ അനീഷ് നിറഞ്ഞുനിന്ന ആദ്യത്തെ ആഴ്ചയിൽ കാര്യമായി ഒന്നും ചെയ്യാൻ അനുവിന് കഴിഞ്ഞില്ല. അനീഷിന്റെ വൺ മാൻ ഷോ ഓടിക്കൊണ്ടിരുന്ന ബിഗ് ബോസ് വീട്ടിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത നിരവധി പേരിൽ ഒരാളായി അനുവും മാറി. കാര്യമായ സ്വാധീനമൊന്നും ഇവിടെ ചെലുത്താൻ ഇടയില്ലാത്ത ആളായി അനു മാറുമെന്ന് പലരും കരുതി. പക്ഷേ രണ്ടാം ആഴ്ചയിലാണ് കളി മാറിയത്. 

മത്സരാർത്ഥികളുടെ മേക്കപ്പും വസ്ത്രവുമടക്കം പിടിച്ചുവച്ച ഏഴിന്റെ പണിയുടെ ഈ സീസണിൽ ജിസേൽ മാത്രം മേക്കപ്പ് വസ്തുക്കൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്നും വീട്ടിലെ മറ്റാരും അത് ചോദ്യം ചെയ്യുന്നില്ലെന്നുമുള്ള ആരോപണവുമായി അനു രംഗത്തുവന്നു. ആദ്യമാദ്യം തമാശയിൽ തുടങ്ങിയ ഈ പ്രശ്നം ദിവസങ്ങൾ കഴിയുംതോറും വലുതായി വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അനു ആവർത്തിച്ച് പറഞ്ഞിട്ടും ജിസേലിന്റെ ഈ പ്രവർത്തി ചോദ്യം ചെയ്യാൻ വീട്ടിൽ ആരും തയാറാവാതെകൂടി വന്നതോടെ വീട്ടിലുള്ളവരുടെ പൊതുശത്രു എന്ന നിലയിലേക്ക് അനു മാറാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അനു സുഹൃത്തായ ശൈത്യയുമായി നടത്തിയ ചില സംഭാഷണങ്ങൾ വീക്കെൻഡിൽ മോഹൻലാൽ വീട്ടിലുള്ളവരെ കാണിക്കുക കൂടി ചെയ്തതോടെ അനുവിനോടുള്ള വീട്ടിലുള്ളവരുടെ പ്രശ്നവും അതിന്റെ പാരമ്യത്തിലെത്തി. അനുവിന് ആകെമൊത്തം നെഗറ്റീവ് ഇമേജ് ഉണ്ടായി എന്ന് മനസിലാക്കിയ ശൈത്യ കളം മാറ്റി ചവിട്ടുക കൂടി ചെയ്തതോടെ അനു പോലുമറിയാതെ അനുമോൾ ബിഗ് ബോസ് വീട്ടിലെ ഫോക്കസ് ആയി മാറി.

അനുമോൾ-ജിസേൽ പ്രശ്നത്തിൽ രണ്ടാഴ്ചയിലേറെയാണ് ബിഗ് ബോസ് വീട് കറങ്ങിയത്. വീട്ടിലെ പ്രധാന കണ്ടന്റ് മേക്കറായി അനുമോൾ മാറുക കൂടിയായിരുന്നു ഇതോടെ. അടുത്ത സുഹൃത്തായ ശൈത്യയുടെ അനുമോളോടുള്ള പെരുമാറ്റവും വീട്ടിലെ മറ്റുള്ളവരുടെ ഇടപെടലുകളും അക്ബർ- അപ്പാനി ശരത് എന്നിവരുടെ സംഘം അനുവിന്റെ പിന്നാലെ നടന്ന് നടത്തിയ ബുള്ളിയിങ്ങും എല്ലാം ചേർന്ന് വളരെ വലിയൊരു സഹതാപ തരംഗമാണ് പുറത്ത് സൃഷ്ടിച്ചുകൊണ്ടിരുന്നത്. ആദ്യമായി അനുവിനൊരു വലിയ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ സംഭവം നടക്കുന്നത് വൈൽഡ് കാർഡ് മത്സരാർത്ഥികളുടെ വരവോടെയാണ്. ആര്യൻ-ജിസേൽ എന്നിവരുമായി ബന്ധപ്പെട്ട് മസ്താനി ഉയർത്തിയ ചില ആരോപണങ്ങൾ അനു ഏറ്റുപിടിക്കുകയും ഇത് വലിയ പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാക്കുകയും ചെയ്തു. 

ബിഗ് ബോസ് മലയാളം ഇതുവരെ കാണാത്ത തരത്തിലെ ആൾക്കൂട്ട വിചാരണയ്ക്ക് ഈ സീസൺ സാക്ഷ്യം വഹിച്ചു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതിന്റെ പേരിൽ അനുമോളെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുകയും ചെയ്തു. ഇത് അനുവിന്റെ ഗ്രാഫിൽ വലിയ ഇടിവുണ്ടാക്കി. ജിസേലുമായുള്ള പ്രശ്നങ്ങൾ അനു കുറയ്ക്കുകയും ചെയ്തു. പക്ഷേ അനുവിനെ വിടാൻ വീട്ടിലെ മറ്റുപലരും ഒരുക്കമായിരുന്നില്ല. ജിസേലിനപ്പുറം മറ്റ് കണ്ടന്റുകൾ നല്കാൻ അനുമോൾക്ക് കഴിയുമോ എന്ന് സംശയിച്ചിരുന്ന പ്രേക്ഷകർ കണ്ടത് വീട്ടിലെ മുഴുവൻ ആളുകളുടെയും ശത്രുപക്ഷത്ത് നിൽക്കുന്ന അനുമോളെയാണ്. ആദില, നൂറ, ഷാനവാസ്, അനീഷ് എന്നിവരൊഴികെ ബാക്കി എല്ലാ ആളുകളും അനുവിനെതിരെ മാത്രം കളിയ്ക്കാൻ തുടങ്ങിയത് അനുവിന് വലിയ അളവിൽ മെച്ചമുണ്ടാക്കി. ഫാൻസ്‌ മാത്രമല്ല, അതെ അളവിൽ ഹെയ്റ്റേഴ്‌സും അനുവിനുണ്ടായി.

ആദില, നൂറ, അനുമോൾ എന്നിവർ ചേർന്നുള്ള പട്ടായ ഗേൾസ് എന്ന ഗ്യാങിനും ഒരുപാട് ആരാധകരുണ്ടായി. വീട്ടിലെ ബുള്ളി ഗ്യാങിന് എതിരായുള്ള പട്ടായ ഗേൾസിന്‍റെ ഇടപെടലുകൾ ആളുകൾ കയ്യടിയോടെ സ്വീകരിച്ചു. അവസാന ആഴ്ചകളിലേക്കടുക്കുമ്പോൾ പോലും വീട്ടിലെ പലരും അനുവിൽ നിന്ന് മാറി മറ്റൊന്നിലേക്കും ഫോക്കസ് ചെയ്തില്ല എന്നത് തന്നെയായിരുന്നു അനുവിന്റെ പ്രധാന വിജയം.

പക്ഷേ അനുവിന്റെ തലവര മാറ്റിയത് അവസാന ദിവസങ്ങളിലെ മുൻ മത്സരാർത്ഥികളുടെ റീ എൻട്രി തന്നെയാണ്. വീട്ടിലേക്ക് തിരിച്ചെത്തിയ ശൈത്യ, ബിൻസി, കലാഭവൻ സരിഗ, ശാരിക, അപ്പാനി ശരത് എന്നിവരും അക്ബറും ഒക്കെ ചേർന്ന് അനുവിനെ വലിയ രീതിയിൽ കോർണർ ചെയ്തു. എന്ന് മാത്രമല്ല അനുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ആദില, നൂറ എന്നിവരെ അനുവിൽ നിന്ന് അകറ്റുകയും അവരും അനുവിനെതിരെ നിലപാടെടുക്കുകയും ചെയ്തു. അനുവിനെ മാത്രം ലക്ഷ്യമിട്ടത് പോലെയായിരുന്നു ഇവരുടെ പെരുമാറ്റം. അത് പലപ്പോഴും അതിരുകടക്കുന്നതും പ്രേക്ഷകർ കണ്ടു. ഇതോടെ അനുവിനോട് താല്പര്യമില്ലാതിരുന്നവർ പോലും അനുവിനു വേണ്ടി സംസാരിക്കാൻ തുടങ്ങി. ഇത്രയും സംഘടിതമായ ആക്രമണം അനു അർഹിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നു. അവസാന ദിവസങ്ങളിലുണ്ടായ ആ സംഭവങ്ങളെല്ലാം വഴിവച്ചതാകട്ടെ അനുവിന്റെ വിജയത്തിലേക്കും.

പിആർ വിവാദവും സദാചാരപരമായ പ്രസ്താവനകളുമടക്കം നിരവധി പാളിച്ചകൾ അനുവിന്റെ ഭാഗത്തുണ്ടായപ്പോഴും വിസ്മരിച്ച് കൂടാനാവാത്ത ഒരു കാര്യമുണ്ട്. അത് അനുവിന്റെ മനക്കരുത്താണ്. കൂടെനിന്നവരടക്കം തള്ളിപ്പറഞ്ഞപ്പോഴും ഒറ്റക്കായപ്പോഴുമൊന്നും തളരാതെ അനു പിടിച്ചുനിന്നു. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും തളർത്താൻ നോക്കിയപ്പോഴും ഒക്കെ അതിനെ അതിജീവിച്ചു. ഒടുവിൽ ആ അതിജീവനം ബിഗ് ബോസ് സീസൺ 7 വിന്നർ എന്ന ടൈറ്റിലിലെത്തി നിൽക്കുന്നു. ഈ സീസന്റെ 90 ശതമാനത്തിലധികം കണ്ടന്റും നൽകിയ മത്സരാർത്ഥി. പോസിറ്റീവ് ആയും നെഗറ്റീവ് ആയും വലിയ ഇംപാക്റ്റുകൾ ഉണ്ടാക്കിയ മത്സരാർത്ഥി. അതിജീവനവും സഹനവുമാണ് ബിഗ് ബോസിന്റെ മുഖമുദ്രയെങ്കിൽ ആ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ അനുമോളുടെ പേരുണ്ടാകും എന്നുറപ്പ്.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ