
അഗ്നിപരീക്ഷ താണ്ടി വീട്ടിലേക്കെത്തിയ രണ്ട് പേർ, ഒരാൾ തന്റെ വാക് സാമർത്ഥ്യംകൊണ്ട് പിടിച്ചുനിൽക്കുന്നയാൾ. മറ്റൊരാൾ തന്റെ വ്യത്യസ്തമായ ചിന്താരീതികൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന ആൾ. ഒരാൾ ബിഗ് ബോസ് വീടിനുള്ളിൽ ഏറെ സ്വീകാര്യനായ ആൾ, മറ്റേയാൾ വീട്ടിലെ ഭൂരിപക്ഷം ആളുകൾക്കും താല്പര്യമില്ലാത്ത ആൾ. ഒരാൾ കൂട്ടം ചേർന്ന് കളിയ്ക്കാൻ ശ്രമിക്കുമ്പോൾ മറ്റേയാൾ ഒറ്റക്കുനിന്ന് കളിയ്ക്കാൻ ശ്രമിക്കുന്നു. പറഞ്ഞുവരുന്നത് എൽദോയെയും ഷിജിനെയും കുറിച്ചാണ്. കരുത്തരെന്ന് തോന്നിപ്പിക്കുന്ന ഒന്നിലേറെ മത്സരാർത്ഥികളുള്ള ഈ സീസണിൽ ഏറെ നിർണ്ണായകമായേക്കാവുന്നതാണ് എൽദോയും ഷിജിനും തമ്മിലെ പ്രത്യക്ഷവും പരോക്ഷവുമായ ഏറ്റുമുട്ടലുകൾ. ഷോയുടെ ഗതിയിൽത്തന്നെ മാറ്റങ്ങൾ വരുത്താൻ പൊട്ടൻഷ്യലുണ്ട് ഇവർക്കും ഇവരുടെ ഇടയിലെ മത്സരബുദ്ധിക്കും.
അഗ്നിപരീക്ഷയിൽനിന്ന് സെലക്ട് ആയേക്കുമെന്ന് ഏറെക്കുറെ എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു വ്യക്തി ആണ് എൽദോ എങ്കിൽ ബിഗ് ബോസ് വീട്ടിലേക്ക് സെലക്റ്റ് ചെയ്യപ്പെട്ടതിലെ ഏറ്റവും അൺഎക്സ്പെക്റ്റഡ് മത്സരാർത്ഥി ആയിരുന്നു ഷിജിൻ. ഷിജിനുപോലും ഏറെ അപ്രതീക്ഷിതമായിരുന്നു ആ തെരഞ്ഞെടുപ്പ്. അഗ്നിപരീക്ഷയുടെ ആദ്യ ഘട്ടങ്ങളിൽ അത്ര ആക്റ്റീവ് ആകാതിരുന്ന എൽദോ പോകെപ്പോകെയാണ് ഷോയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത് എങ്കിൽ ഷിജിന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ആദ്യ ദിവസങ്ങളിൽ പൊട്ടൻഷ്യലുള്ള മത്സരാർത്ഥി എന്ന് തോന്നിപ്പിക്കാനായ ഷിജിന് മുന്നോട്ടുള്ള യാത്രയിൽ ആ ഇമേജ് നിലനിർത്താൻ സാധിച്ചിരുന്നില്ല.
ബിഗ് ബോസ് ഷോയിൽ വളരെ അൺഫിറ്റ് ആയ ആളാണ് ഷിജിനെന്ന് സഹമത്സരാർത്ഥികളും ജഡ്ജസും ഒന്നിലേറെ തവണ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അതൊക്കെത്തന്നെയാകണം അയാളുടെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവിലേക്കും വഴിവച്ചത്. അഗ്നിപരീക്ഷയിൽ പല ഘട്ടത്തിലും ഷിജിൻ നേരിട്ട ഒറ്റപ്പെടലുകൾ പ്രേക്ഷകരുമായി അയാൾ പോലുമറിയാതെ അയാൾക്കൊരു കണക്ഷൻ ഉണ്ടാക്കിയിട്ടുണ്ട്. അതേ സമയം എൽദോയുടെത് കുറച്ചുകൂടി 'സ്ലോ ആൻഡ് സ്റ്റെഡി' രീതിയിലുള്ള മുന്നേറ്റമായിരുന്നു. ആദ്യമൊന്നും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന എൽദോ പതുക്കെപ്പതുക്കെ തന്റെ ഗ്രാഫ് ഉയർത്തുന്നതാണ് അഗ്നിപരീക്ഷയിൽ നമ്മൾ കണ്ടത്.
അഗ്നിപരീക്ഷയിൽ മറ്റുള്ളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും ഷിജിന് പിന്തുണ നൽകിയ മത്സരാർത്ഥി കൂടിയായിരുന്നു എൽദോ. പലപ്പോഴും മാനസികമായി ഷിജിൻ തളരുന്ന ഘട്ടങ്ങളിൽ എൽദോ ഷിജിനുവേണ്ടി സംസാരിച്ചു. എന്നാൽ ബിഗ് ബോസ് വീട്ടിൽ എൽദോയുടെ ഏറ്റവും വലിയ എതിരാളി ഇതേ ഷിജിൻ ആണ്. എന്താകും അതിന്റെ കാരണം? ഉത്തരം വളരെ സിംപിൾ ആണ്. ഷിജിൻ അഗ്നിപരീക്ഷ താണ്ടി എത്തുമെന്ന് എൽദോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതുതന്നെ. എല്ലാവരാലും ഒറ്റപ്പെട്ടുപോയ താരതമ്യേന വീക്ക് ആയ ഒരു മത്സരാർത്ഥിയെ പിന്തുണയ്ക്കുന്നതിലൂടെ തനിക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണ എന്തായിരിക്കുമെന്ന് എൽദോയെ പോലൊരു കണ്ണിങ് മത്സരാർത്ഥിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒപ്പം ഷിജിൻ തനിക്ക് ഒരിക്കലും ഒരു എതിരാളിയാകില്ല എന്നും എൽദോ കരുതിയിരുന്നിരിക്കണം.
കഴിഞ്ഞ ദിവസം ഗായത്രി സുരേഷിന് തിരികെ വീട്ടിലേക്ക് എത്തണമെങ്കിൽ തന്റെ ലീഡർ സ്ഥാനം രാഹുൽ ഈശ്വറിന് നൽകേണ്ടിവരുമെന്ന സാഹചര്യത്തിൽ മുൻപിൻ ആലോചിക്കാതെയാണ് എൽദോ അത് സമ്മതിച്ചത്. അയാളുടെ ആ മൂവ് വളരെ വലിയ ജനസമ്മതി ഉണ്ടാക്കി എന്നത് തർക്കമില്ലാത്ത കാര്യവുമാണ്. ഇതുതന്നെയാണ് അഗ്നിപരീക്ഷയിൽ എൽദോ ഷിജിന് നൽകിയ പിന്തുണയിലും ലക്ഷ്യമിട്ടത് എന്നാണ് കരുതാനാവുക. കാരണം എൽദോ എപ്പോഴും ദീർഘകാലാടിസ്ഥാനത്തിനുള്ള ഗുണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുന്ന ആളാണ്. തന്റെ എതിരാളികളെ കൃത്യമായി സ്പോട്ട് ചെയ്യാനും അവർക്കെതിരെ പ്ലാനിങ്ങോടെ നീങ്ങാനുമുള്ള എൽദോയുടെ കഴിവ് ബിഗ് ബോസ് പോലൊരു ഷോയിൽ വളരെ വലിയ ഇമ്പാക്ട് ഉണ്ടാക്കുന്നതുമാണ്. പക്ഷേ ഷിജിൻ കൂടി ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
വീട്ടിലേക്ക് കയറിയ ഷിജിൻ വളരെ കോൺഫിഡന്റ് ആയ മറ്റൊരാളായാണ് പെരുമാറിയത്. തനിക്ക് ലഭിച്ച പ്രേക്ഷക പിന്തുണ ഷിജിനെ അഗ്നിപരീക്ഷയിൽനിന്നും ഏറെ വ്യത്യസ്തനായ മറ്റൊരാളാക്കി മാറ്റുകയും ചെയ്തു. താൻ ഒറ്റക്കാണെന്ന പ്രതീതി ഉണ്ടാക്കി കളിക്കാനാണ് ഷിജിൻ എപ്പോഴും ശ്രമിച്ചത്. അതുകൊണ്ടുതന്നെ അഗ്നിപരീക്ഷയിൽനിന്നെത്തിയ മറ്റ് മൂന്ന് മത്സരാർത്ഥികളും ഒരുമിച്ച് നിൽക്കുമ്പോൾ അവർക്കെതിരെ നിൽക്കാനാണ് ഷിജിൻ നോക്കിയത്. അഗ്നിപരീക്ഷയിൽ തനിക്ക് ഗുണമായ ഒറ്റപ്പെടൽ ഇവിടെയും പയറ്റാനുള്ള ശ്രമങ്ങളും ഷിജിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. എന്നാൽ അഗ്നിപരീക്ഷയിൽ അത് വളരെ സ്വാഭാവികമായാണ് സംഭവിച്ചതെങ്കിൽ ഇവിടെ അത് കുറേയൊക്കെ ഇന്റൻഷനൽ ആയിരുന്നു.
അതുകൊണ്ടുതന്നെ ഷിജിന്റെ ഒറ്റപ്പെടൽ സ്ട്രാറ്റജി എത്രത്തോളം വർക്ക്ഔട്ട് ആകുമെന്ന് പറയാനാവില്ല. മറ്റുള്ളവരിൽനിന്ന് അൽപ്പം വ്യത്യസ്തമായി കളിക്കണമെന്ന ഷിജിന്റെ നിർബന്ധബുദ്ധിയും ഒന്നിലേറെ ടാസ്കുകളിൽ വ്യക്തമായതാണ്. താൻ നന്നായി ടാസ്കുകളിൽ പെർഫോം ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ അതുകൊണ്ടുതന്നെ ഷിജിന് കഴിയുന്നുമുണ്ട്. എന്നാൽ അതിനെ ഫലപ്രദമായി മുന്നോട്ട് ഉപയോഗിക്കാനോ അതിനൊരു തുടർച്ച ഉണ്ടാക്കാനോ അയാൾക്ക് കഴിയുന്നില്ല എന്നതാണ് ഷിജിന്റെ പ്രധാന പോരായ്മ. ലക്ഷ്വറി ടാസ്കിൽ ഹൌസ് മുഴുവൻ എതിരെ നിന്നിട്ടും തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ ഷിജിൻ പ്രാവർത്തികമാക്കി. അതിന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. എന്നാൽ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിച്ച് ഷിജിൻ തനിക്ക് ലഭിക്കേണ്ടിയിരുന്ന ആ 'ഹീറോയിക് മൊമെന്റ്' നഷ്ടമാക്കുകയാണ് ചെയ്തത്.
ഇത്തരം കാര്യങ്ങളിലാണ് എൽദോയുടെ മികവ്. ഗായത്രിയുടെ മടങ്ങിവരവിനുവേണ്ടി ലീഡർ സ്ഥാനം ത്യജിച്ച സംഭവം തന്നെ ഉദാഹരണം. പ്രതിപക്ഷ നേതാവാണ് എങ്കിൽപ്പോലും ലീഡറായ രാഹുലിനേക്കാൾ വോയ്‌സ് ഉറപ്പായും എൽദോയ്ക്ക് ഈ ആഴ്ച വീട്ടിൽ ഉണ്ടാകും. അടുത്ത ലീഡറാകാൻ ഭൂരിപക്ഷം എൽദോയെ വീണ്ടും തെരഞ്ഞെടുത്തേക്കാനും ഇടയുണ്ട്. അത്തരത്തിൽ കിട്ടുന്ന അവസരങ്ങൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കാൻ എൽദോ ശ്രമിക്കുമ്പോൾ കാര്യങ്ങൾ മനസിലാക്കാതെ എടുത്തുചാടുന്നു എന്നതാണ് ഷിജിൻ ചെയ്യുന്നത്.
കമ്മ്യൂണിക്കേഷൻ സ്കിൽ ആണ് എൽദോയുടെ മറ്റൊരു പോസിറ്റീവ്. വാക്കുകൾ നിർത്തിവച്ച് ഒരു പ്രസംഗികനെപ്പോലെ സംസാരിക്കാൻ എൽദോയ്ക്ക് സാധിക്കുന്നു എന്നുള്ളതുകൊണ്ട് അയാൾ പറയുന്നത് പോയിന്റുകളാണെന്ന് വീട്ടിൽ ഉള്ളവരെ പെട്ടന്ന് തോന്നിപ്പിക്കാൻ എൽദോയ്ക്ക് കഴിയാറുണ്ട്. എന്നാൽ ഷിജിൻ ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. കാര്യങ്ങൾ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനോ പറഞ്ഞുഫലിപ്പിക്കാനോ മറ്റുള്ളവരെ മനസിലാക്കിച്ചുകൊടുക്കാനോ ഷിജിന് പലപ്പോഴും പറ്റാതെ പോകുന്നതാണ് നമ്മൾ കാണുന്നത്. അതേസമയം വളരെ ഓപ്പൺ ആയ ഷിജിന്റെ പെരുമാറ്റവും എക്സ്പ്രസീവ് ആയ ശൈലിയും കാരണം പ്രേക്ഷകർക്കിടയിൽ അയാൾക്കൊരു ജെനുവിൻ വ്യക്തി എന്ന ഇമേജ് ഉണ്ടാവാനും ഇടയുണ്ട്. ഇക്കാര്യത്തിലാണ് എൽദോ അൽപ്പം പിന്നിലാവുന്നത്.
നാടകീയവും അതിഭാവുകത്വവും നിറഞ്ഞ സംസാര ശൈലിയും പെരുമാറ്റവും അത്ര ജെനുവിനായി പ്രേക്ഷകർക്ക് തോന്നാൻ ഇടയില്ല. നല്ല ഗെയ്മർ ആണെന്ന് പറയുമ്പോഴും എൽദോ ഒരു ജെനുവിൻ മത്സരാർത്ഥി ആണോ എന്നതിൽ പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചാൽ കുറ്റം പറയാനുമാവില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വീടിനുള്ളിൽ എൽദോ ഒരു മികച്ച ഗെയ്മർ എന്ന തോന്നൽ ഉണ്ടാക്കുമ്പോൾ ഷിജിൻ മോശം മത്സരാർത്ഥി എന്ന ഇമേജ് ആണ് സൃഷ്ടിക്കുന്നത്. പക്ഷെ വീടിന് പുറത്ത് ഇതിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുമുണ്ട്. എന്തായാലും അഗ്നിപരീക്ഷ എന്ന കടമ്പ താണ്ടി വീട്ടിലേക്കെത്തിയ ഈ രണ്ടുപേരും ബിഗ് ബോസിൽ ഏറെദൂരം മുന്നോട്ടുപോകാൻ തന്നെയാണ് സാധ്യത.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ