'എൽദോയുടേത് ഏറ്റവും വിഡ്ഢിത്തരം നിറഞ്ഞ ഒരു ഗെയിം ആണെന്ന് ഞാൻ പറയും'.
ഗായത്രിയെ ബിഗ് ബോസിൽ തിരികെ കൊണ്ടുവരാൻ ലീഡർ സ്ഥാനം പോലും താൻ ത്യജിക്കാൻ തയ്യാറാണെന്നു പറഞ്ഞ എൽദോയുടെ തീരുമാനത്തെ വിമർശിച്ച് ബിഗ് ബോസ് മുൻ വിജയി അഖിൽ മാരാർ. ജനാധിപത്യം എന്ന തീമിനോട് നീതി പുലർത്തുന്ന പ്രസ്താവനയല്ല എൽദോയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഒരു യൂട്യൂബ് ചാനലിൽ സംസാരിച്ചുകൊണ്ട് അഖിൽ മാരാർ പറഞ്ഞു.
''എൽദോയുടേത് ഏറ്റവും വിഡ്ഢിത്തരം നിറഞ്ഞ ഒരു ഗെയിം ആണെന്ന് ഞാൻ പറയും. ജനാധിപത്യം എന്ന തീമിനോട് നീതി പുലർത്തുന്ന തീരുമാനമാണോ എൽദോ എടുത്തത്? എൽദോയെ 15 പേർ ചേർന്ന് തിരഞ്ഞെടുത്തു, രാഹുൽ ഈശ്വറിനെ നാലുപേർ പിന്തുണച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട എൽദോ സ്വന്തം തീരുമാനത്തിലൂടെ തന്നെ മണ്ടനായി മാറി. ജനങ്ങളുടെ തീരുമാനത്തെ മാനിക്കാത്ത നേതാവായി എൽദോ. ഗായത്രിയെ തിരിച്ചുകൊണ്ടുവരണമെന്ന എൽദോയുടെ ആവശ്യം ശരിയായിരുന്നെങ്കിലും അതിനായി അധികാരം കൈവിടേണ്ടതില്ലായിരുന്നു. താൻ അധികാര സ്ഥാനത്തു നിന്നു മാറാം, പക്ഷേ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഉണ്ടാകണം എന്നായിരുന്നു എൽദോ പറയേണ്ടിയിരുന്നത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഉണ്ടായാലും അവിടെ എൽദോക്കു തന്നെ മുൻതൂക്കം ലഭിക്കും.
ഒരു ലീഡർ എന്ന നിലയിൽ, എൻറെ ജനങ്ങൾക്ക് വേണ്ടിയിട്ട് ഞങ്ങളുടെ നാടിനു വേണ്ടിയിട്ട്, ഇന്നലയിൽ ഇവിടെ നടന്ന ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയുടെ ഭാഗമായി പുറത്തുപോയ ഗായത്രിയെ തിരിച്ചുകൊണ്ടുവരണം, അതിനുവേണ്ടി രാജിവെക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കണം, കാരണം ഞങ്ങളെ ആര് ഭരിക്കണം എന്നത് തീരുമാനിക്കേണ്ടത് ബിഗ് ബോസ് അല്ല തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്ന് പറയണം. ആ തീരുമാനം ഞാൻ ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നുവെന്ന് പറയണം. നമ്മൾ ബിഗ് ബോസിനോടാണ് കളിക്കേണ്ടത്'', അഖിൽ മാരാർ പറഞ്ഞു.
