ബിഗ് ബോസ് മലയാളം സീസൺ 8 ലെ രണ്ടാം വാരത്തിലെ വീക്കിലി ടാസ്കിൽ മത്സരാർത്ഥികൾ നിയമം ലംഘിച്ചതിനാൽ ലക്ഷ്വറി പോയിന്‍റുകള്‍ റദ്ദാക്കി
ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ വാരം താരതമ്യേന സമാധാനപരമായിരുന്നു. എന്നാല്‍ മത്സരാര്‍ഥികള്‍ ഇന്‍ഡിവിജ്വല്‍ ആയി പരിശ്രമിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡില്‍ വിമര്‍ശിച്ചിരുന്നു. ആദ്യ വാരത്തിലെ പ്രകടനം കണ്ടിട്ടോ എന്തോ, രണ്ടാം വാരത്തില്‍ കനപ്പെട്ട ഒരു വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. സീസണ്‍ 8 ല്‍ വീറും വാശിയും പുറത്തുകൊണ്ടുവന്ന വീക്കിലി ടാസ്ക് ആണ് നടന്നത്. എന്നാല്‍ വീക്കിലി ടാസ്കിന്‍റെ അവസാന റൗണ്ടും മുഴുവന്‍ ടാസ്കുകളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ലക്ഷ്വറി പോയിന്‍റുകളും ബിഗ് ബോസ് റദ്ദാക്കി. മത്സരാവേശം കൂടിയതിന് പിന്നാലെ മത്സരാര്‍ഥികള്‍ ബിഗ് ബോസിന്‍റെ നിയമങ്ങള്‍ ലംഘിച്ചു എന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.
ബിഗ് ബോസ് സിറ്റിയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ കിറ്റ് തയ്യാറാക്കുക എന്നതായിരുന്നു ടാസ്ക്. ഇതിനായി അരി, പാല്‍, പച്ചക്കറി, മരുന്ന് എന്നിവ പാക്ക് ചെയ്യേണ്ടിയിരുന്നു. സൈറണുകളുടെ ഇടവേളയില്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെയാണ് ഈ വസ്തുക്കള്‍ വന്നത്. എന്നാല്‍ ഇത് സ്വന്തമാക്കാനുള്ള വീറിലും വാശിയിലും മത്സരാര്‍ഥികള്‍ നിയമങ്ങള്‍ ലംഘിച്ചു എന്നാണ് ബിഗ് ബോസ് കണ്ടെത്തിയത്. കണ്‍വെയര്‍ ബെല്‍റ്റ് വരുന്ന ഇടത്തിലേക്ക് കൈയും തലയും ഇടരുതെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പും മത്സരാര്‍ഥികള്‍ ലംഘിച്ചതോടെയാണ് ഈ റൗണ്ട് റദ്ദാക്കുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. ലക്ഷ്വറി ഭക്ഷ്യവസ്തുക്കള്‍ക്കായുള്ള ലക്ഷ്വറി പോയിന്‍റുകളും റദ്ദാക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചു.
ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ തങ്ങള്‍ക്ക് ഒരു അവസരം കൂടി നല്‍കാനാവുമോ എന്ന് ഈ വാരത്തിലെ ലീഡറായ രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നുണ്ടായിരുന്നു. വീക്കിലി ടാസ്കുകളില്‍ നേടിയ തുക വച്ച് ഏറ്റവും മുന്നിലെത്തിയ രണ്ട് പേര്‍ നോബിയും ജസീലയുമാണ്. ഒരു രൂപ പോലും കൈയില്‍ ഇല്ലാതിരുന്നവര്‍ സുമേഷ്, രാജേഷ്, എല്‍ദോ, മൃദുല, ശ്രീലയ, ഷിബിന, ഗായത്രി, താഷി, ആസിഫ്, ഷിജിന്‍ എന്നിവരും. ഇതില്‍ നിന്ന് 3 പേരെ അടുത്ത നോമിനേഷനിലേക്ക് ലീഡര്‍ക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാമെന്ന് ബിഗ് ബോസ് അറിയിച്ചു. ഷിജിന്‍, രാജേഷ്, മൃദുല എന്നിവരെയാണ് രാഹുല്‍ നോമിനേറ്റ് ചെയ്തത്. എന്നാല്‍ തന്‍റെ പക്കല്‍ കറന്‍സി ഉണ്ടെന്ന് വെളിപ്പെടുത്തി മൃദുല എല്ലാവരെയും ഞെട്ടിച്ചു. അഞ്ജലിയുടെ കറന്‍സി മൃദുല മോഷ്ടിക്കുകയായിരുന്നു.

