
ബിഗ് ബോസ് അതിന്റെ രസകരമായ കളിയിലേക്ക് കടക്കുകയാണ് ഇപ്പോൾ. പുതിയ സാഹചര്യങ്ങൾ മത്സരാർത്ഥികളെ പുത്തൻ ഊർജത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് പറയാം. ഒരു മാസം വീടിനുള്ളിൽ കഴിഞ്ഞ മത്സരാർത്ഥികളിൽ പലരും ബിഗ് ബോസ് വീടിന്റെ ചൂടും ചൂരും അറിഞ്ഞുതുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്നത് വലിയൊരു വേലിയേറ്റം തന്നെയാകുമെന്ന സൂചനയും ഓരോ മത്സരാർത്ഥിയും പ്രേക്ഷകർക്കായി നൽകുന്നുണ്ട്.
അധികം ആരും അറിയാതിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു സായ് വിഷ്ണു. മോഡലിങ്ങും അഭിനയമോഹവും കൊണ്ടുനടന്ന ഒരു സ്വപ്ന യാത്രികന് ബിഗ് ബോസ് ഒരു അവസരം തന്നെയായിരുന്നു. വീട്ടിലെത്തിയതുമുതൽ തീർത്തും വ്യത്യസ്തമായ പെരുമാറ്റരീതികൊണ്ട് ശ്രദ്ധേയനായ ആളാണ് സായ്. തനിക്ക് പറയാനുള്ളത് വ്യക്തമായി മറ്റുള്ളവരിൽ എത്തിക്കാൻ കഴിയാതെ പലപ്പോഴും മുൻകോപിയായി ചിത്രീകരിക്കപ്പെടുന്ന സായിയെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാണാമായിരുന്നു.
നേരത്തെ സജിന-ഫിറോസുമായും മണിക്കുട്ടനുമായും ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ച ഇപ്പോഴും അങ്ങിങ്ങായി ബിഗ് ബോസ് വീട്ടിൽ കാണാം. അതിന്റെ അലയൊലികളിൽ തട്ടി വീണ്ടും സായിയുമായി ഫിറോസ് സംസാരം തുടങ്ങുകയാണ്. ആദ്യം മുതൽ തന്നെ ചർച്ചയായ സായിയുടെ ജീവിത സാഹചര്യമാണ് ഫിറോസ് ഇത്തവണ വലിച്ച് പുറത്തിടുന്നത്. പുറത്തുവന്ന പ്രൊമോയിൽ 'എനിക്ക് ചെലവിന് തരുന്നത് താനാണോ?' എന്ന ചോദ്യമാണ് സായി ഉന്നയിക്കുന്നത്. ലോകത്ത് എന്ത് കാര്യം പറയുന്നതിനെയും എതിർക്കുന്നത് വലിയ കാര്യമാണെന്ന് കരുതരുതെന്ന് ഫിറോസ് പറയുമ്പോൾ, തെറ്റായ കാര്യങ്ങൾ തെറ്റാണെന്ന് പറയുമെന്നാണ് സായ് പറയുന്നത്.
എങ്കിൽ തെറ്റായ കാര്യം ഞാൻ പറയട്ടെ എന്നായി ഫിറോസ്, തുടർന്ന് വീടിന് കുറ്റിയില്ലെന്ന് പറഞ്ഞ സായിയോട് 35 രൂപ കൊടുത്ത് ഒരു കുറ്റി വാങ്ങി വയ്ക്കാൻ പറ്റാത്ത എന്ത് സാഹചര്യമാണെന്ന് മനസിലകുന്നില്ലെന്ന് ഫിറോസ് പറയുന്നു. എന്നാൽ വീടിന് കുറ്റിയില്ലെന്നല്ല ഞാൻ പറഞ്ഞതെന്ന് സായിയുടെ മറുപടി. തനിക്ക് പൂർണ ആരോഗ്യം തരുന്നു, എന്തിനുവേണ്ടിയാണെന്ന്, എന്ന് പറഞ്ഞുതുടങ്ങിയ ഫിറോസിനോട്, താൻ പണിയെടുത്താണ് ഞാൻ ജീവിച്ചതെന്നും, മറ്റാരും ചെലവിന് തന്നില്ലെന്നും സായ് പറയുന്നുണ്ട്. ആരോഗ്യമുണ്ടല്ലോ, അധ്വാനിച്ച് ജീവിക്കണം എന്നാണ് ഫിറോസ് പറഞ്ഞത്. ഒടുവിൽ അത് കയ്യാങ്കളിയിലേക്കും എത്തി. തുടർന്ന് തീയിൽ തൊട്ടാൽ പൊള്ളുമെന്ന് ഫിറോസ് പറയുമ്പോൾ, പുച്ഛത്തോടെ തീയോ എന്ന് സായ് ചോദിക്കുന്നതുവരെയാണ് പ്രൊമോ എത്തുന്നത്. എന്തൊക്കെയായാലും സായിയുടെ ജീവിതം വീണ്ടും ചർച്ചയിലേക്ക് എത്തുകയാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ