
ഇന്ത്യൻ സിനിമയിൽ ഭാഷാഭേദമന്യേ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഷാരുഖ് ഖാൻ. എല്ലാ തലമുറകളെയും സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ച കിംഗ് ഖാന്റെ അറുപതാം ജന്മദിനമാണ് നവംബർ 2 ന് വരാൻ പോകുന്നത്. 1992 ൽ രാജ് കൻവാർ സംവിധാനം ചെയ്ത 'ദീവാന' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മുപ്പത്തിമൂന്ന് വർഷത്തെ അഭിനയ ജീവിതത്തിലെ ആദ്യ ദേശീയ അവാർഡായിരുന്നു ഇത്തവണ ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് സ്വന്തമാക്കിയത്.
അറ്റ്ലി സംവിധാനം ചെയ്ത ചിത്രം ആയിരം കോടിക്ക് മുകളിൽ കളക്ഷൻ നേടി, വമ്പൻ ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു. പല തിരക്കുകൾ മൂലവും ഡേറ്റ് പ്രശ്നങ്ങൾ കാരണവും നിരവധി ചിത്രങ്ങളോടാണ് ഷാരൂഖിന് തന്റെ കരിയറിൽ നോ പറയേണ്ടി വന്നിട്ടുള്ളത്. അതിൽ പലതും പിന്നീട് ബ്ലോക്ക്ബസ്റ്ററുകളും ബോളിവുഡിലെ തന്നെ ക്ലാസിക് ചിത്രങ്ങളായി മാറുകയും ചെയ്തു. അത്തരത്തിൽ ഷാരൂഖിന് ചെയ്യാൻ കഴിയാതെ പോയ, പിന്നീട് മികച്ച വിജയം നേടിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ബോളിവുഡിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മിശ്ര സംവിധാനം ചെയ്ത ചിത്രം 2006 ലായിരുന്നു പുറത്തിറങ്ങിയത്. ആമിർ ഖാൻ, സിദ്ധാർഥ്, ശർമൻ ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയത്. ചിത്രത്തിൽ മാധവൻ അവതരിപ്പിച്ച കഥാപാത്രത്തിലേക്കായിരുന്നു ആദ്യം ഷാരൂഖിനെ നിശ്ചയിച്ചത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം പിന്നീട് പിന്മാറുകയായിരുന്നു.
ആമിർ ഖാൻ തന്നെ നായകനായി എത്തിയ ലഗാൻ ആയിരുന്നു ഷാരൂഖ് നിരസിച്ച മറ്റൊരു ചിത്രം. അശുതോഷ് ഗൗരിക്കർ സംവിധാനം ചെയ്ത ചിത്രം പിരിയഡ് സ്പോട്സ് ഡ്രാമ വിഭാഗത്തിലാണ് എത്തിയത്. ആ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നോമിനേഷൻ ലഭിച്ച ചിത്രം കൂടിയായിരുന്നു ലഗാൻ. ആമിർ ഖാൻ അവതരിപ്പിച്ച ഭുവൻ എന്ന കഥാപാത്രത്തിലേക്കായിരുന്നു ഷാരൂഖിനെ ആദ്യം തീരുമാനിച്ചിരുന്നത്.
3 ഇഡിയറ്റ്സ്
രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്ത് 2009 ൽ പുറത്തറിങ്ങിയ ബോളിവുഡ് ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിരുന്നു 3 ഇഡിയറ്റ്സ്. ചിത്രത്തിൽ ആമിർ ഖാന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഷാരൂഖിനെ ആയിരുന്നു. ഡേറ്റ് പ്രശ്നങ്ങൾ കാരണവും ഷാരൂഖിന് ആ സമയത്ത് ചെറിയ പരിക്ക് സംഭവിച്ചതിനാലുമാണ് ഹിരാനിക്ക് ആമിർ ഖാനെ നായകനാക്കി സിനിമ ചെയ്യണ്ടി വന്നതെന്ന് പിന്നീട് ഷാരൂഖ് തന്നെ വ്യക്തമാക്കിയിരുന്നു.
മുന്ന ഭായ് എംബിബിഎസ്
സഞ്ജയ് ദത്തിനെ നായകനാക്കി രാജ്‌കുമാർ ഹിരാനി 2003 ൽ ഒരുക്കിയ മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലേക്കും ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖിനെയായിരുന്നു. ആദ്യം സിനിമ ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും പിന്നീടുണ്ടായ ചില പരിക്കുകൾ കാരണം ചിത്രം ഡ്രോപ്പ് ചെയ്യുകയായിരുന്നു. ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയമാണ് കൈവരിച്ചത്.
ഏക് താ ടൈഗർ
സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവർ പ്രധാന കഥാപാത്രനഗങ്ങളായി എത്തിയ ഏക് താ ടൈഗർ എന്ന ചിത്രത്തിലെ നായകൻ ആവേണ്ടിയിരുന്നത് ഷാരൂഖ് ആയിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം ഷാരൂഖിന് ഈ ചിത്രവും ചെയ്യാൻ സാധിച്ചില്ല എന്നായിരുന്നു ബോളിവുഡ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജോധാ അക്ബർ
അശുതോഷ് ഗൗരിക്കാർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രം ജോധാ അക്ബറിൽ നായകനാവേണ്ടിയിരുന്നത് ഷാരൂഖ് ആയിരുന്നു. എന്നാൽ പല കാര്യങ്ങൾ കൊണ്ടും അത് നടന്നില്ല. അങ്ങനെയാണ് പിന്നീട് ഹൃതിക് റോഷൻ ചിത്രത്തിലേക്ക് നായകനായി എത്തുന്നത്. ഐശ്വര്യ റായ് ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. വമ്പൻ ബഡ്ജറ്റിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു.
സ്ലംഡോഗ് മില്ല്യണയർ
ഡാനി ബോയൽ സംവിധാനം ചെയ്ത ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് 2008 ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്ല്യണയർ. ചിത്രത്തിലെ അനിൽ കപൂർ അവതരിപ്പിച്ച പ്രേം കുമാർ എന്ന അവതാരകന്റെ റോളിലേക്കായിരുന്നു ഷാരൂഖിനെ പരിഗണിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരം ഈ ചിത്രവും ഷാരൂഖിന് ചെയ്യാൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കം എട്ട് ഓസ്കർ അവാർഡുകളാണ് ചിത്രം ആ വർഷം സ്വന്തമാക്കിയത്.
അതേസമയം പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന 'കിംഗ്' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. അതുകൊണ്ട് തന്നെ കിംഗിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങീ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.