
എപ്പോഴും വിജയങ്ങളുടെ ഭാഗമായി നില്‍ക്കാനാണ് അഭിനേതാക്കള്‍ ശ്രദ്ധിക്കാറ്. കലാമൂല്യമുള്ള മികച്ച സിനിമകള്‍ തേടിയെത്തുമ്പോള്‍ പലരും നോ പറയാറില്ലെങ്കിലും ബോക്സ് ഓഫീസ് വിജയങ്ങള്‍ ഏതൊരു താരത്തെ സംബന്ധിച്ചും പ്രധാനമാണ്. ഇപ്പോഴിതാ തന്‍റെ കരിയര്‍ എന്നേക്കുമായി മാറ്റിമറിച്ച സിനിമയെക്കുറിച്ച് പറയുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. നായകനായി അരങ്ങേറ്റം കുറിച്ച, 1988 റിലീസ് ആയെത്തിയ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രം വന്നതിന് ശേഷമുണ്ടായ മാറ്റത്തെക്കുറിച്ചാണ് ആമിര്‍ പറഞ്ഞത്. മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഐനോക്സ് സംഘടിപ്പിച്ച ആമിര്‍ ഖാന്‍ സ്പെഷല്‍ ചലച്ചിത്രോത്സവത്തിന്‍റെ ലോഞ്ചിന്‍റെ ഭാഗമായി ജാവേദ് അഖ്തറുമായി നടത്തിയ സംവാദത്തിലാണ് ആമിര്‍ തന്‍റെ കരിയറിന്‍റെ തുടക്കകാലം ഓര്‍മ്മിച്ചത്.
"അതുവരെ മന്‍സൂര്‍ ഖാനും നസീര്‍ ഹുസൈനുമൊപ്പം മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ, അസിസ്റ്റന്‍റ് ആയി. പക്ഷേ എന്‍റെ ആദ്യ സിനിമ വിജയിച്ചതോടെ എനിക്ക് ഒരുപാട് ഓഫറുകള്‍ വരാന്‍ തുടങ്ങി. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് ആ സമയത്ത് 300 മുതല്‍ 400 ഓഫറുകള്‍ വരെ ലഭിച്ചു. പല സ്ഥലങ്ങളില്‍ നിന്ന് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്നെ കാണാനെത്തി. ഒരു പുതുമുഖം ആയിരുന്നതിനാല്‍ ഒരു ചിത്രം സൈന്‍ ചെയ്യുന്നത് പോലും ഒരു വലിയ ജോലിയാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല", ആമിര്‍ ഖാന്‍ പറയുന്നു.
"ആ സമയത്ത് അഭിനേതാക്കള്‍ 30 മുതല്‍ 50 സിനിമകള്‍ വരെയാണ് ഒരേ സമയത്ത് ചെയ്തുകൊണ്ടിരുന്നത്. അനില്‍ കപൂര്‍ ആണ് അതില്‍ ഏറ്റവും കുറച്ച് സിനിമകള്‍ ഒരേ സമയം ചെയ്തിരുന്നത്. 33 ചിത്രങ്ങള്‍. ഇതൊക്കെ കണ്ട് ആ സമയം ഒറ്റയടിക്ക് ഞാന്‍ 9- 10 ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തു. എന്നാല്‍ എനിക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള സംവിധായകരില്‍ നിന്നൊന്നും അവസരം ലഭിച്ചിരുന്നുമില്ല. ഈ ചിത്രങ്ങളുടെ ഷൂട്ട് ആരംഭിച്ചപ്പോഴാണ് ചെയ്ത തെറ്റിന്‍റെ ആഴം എനിക്ക് മനസിലായത്. ഓരോ ദിവസവും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവന്നു എനിക്ക്. ഞാന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ദിവസവും വീട്ടില്‍ എത്തിയാല്‍ ഞാന്‍ കരയുമായിരുന്നു. ഒപ്പം ചെയ്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടാനും തുടങ്ങി. ഒരു വണ്‍ ടൈം വണ്ടര്‍ എന്ന് എന്നെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു തുടങ്ങി", ആമിര്‍ പറയുന്നു.
എന്നാല്‍ ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ദില്‍ എന്ന ചിത്രം എത്തിയതോടെ ആമിര്‍ തന്‍റെ കരിയര്‍ തിരിച്ചുപിടിച്ചു. മാധുരി ദീക്ഷിത് നായികയായ ചിത്രം വന്‍ വിജയം നേടിയതോടെ താരപരിവേഷത്തിലേക്കുള്ള വലിയ സഞ്ചാരം ആമിര്‍ ഖാന്‍ ആരംഭിച്ചു.
ALSO READ : 'ആളുകളോട് മിണ്ടാൻ തന്നെ പേടിയായിത്തുടങ്ങി': കാരണം പറഞ്ഞ് മഞ്ജു പിള്ള
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ