
ദില്ലി: താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈക്കോടതിയിൽ. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ വാദം ഏപ്രിൽ 20ന് നടക്കും.
ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറയുന്നു.
ആരാധ്യ ബച്ചനെതിരെ ഇത്തരം വ്യാജവാർത്തകൾ അപ്‌ലോഡ് ചെയ്തതിലൂടെ അവർ അവളുടെ അവകാശങ്ങൾ ലംഘിച്ചുവെന്നും അവളുടെ നല്ല മനസ്സിനും പ്രശസ്തിക്കും കളങ്കം വരുത്താൻ ശ്രമിച്ചുവെന്നും ബച്ചൻ കുടുംബം ആരോപിച്ചു. ആരാധ്യയുടെ പേര് മാത്രമല്ല, ബച്ചൻ കുടുംബത്തിന്റെ പേരും അവർ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. 'ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ', എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.
'അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സ്, അതുവെച്ച് എന്നെ ജഡ്ജ് ചെയ്യണ്ട'; അഹാന
2011 നവംബറിലാണ് ആരാധ്യ ജനിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ പതിനൊന്നാം ജന്മദിനം ആരാധ്യ ആഘോഷിച്ചിരുന്നു. പല അവസരങ്ങളിലും ആരാധ്യ അമ്മയ്‌ക്കൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്. അടുത്തിടെ ആരാധ്യയുടെ ഡാന്‍സ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.