ബഷീറിന്‍റെ 'നീലവെളിച്ച'ത്തില്‍ പൃഥ്വിരാജും റിമയും; സംവിധാനം ആഷിക് അബു

By Web TeamFirst Published Jan 21, 2021, 11:36 AM IST
Highlights

'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ 'നീലവെളിച്ചം' ഒരിക്കല്‍ക്കൂടി സിനിമാരൂപത്തിലേക്ക് എത്തുന്നു. ആഷിക് അബുവാണ് അതേ പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബഷീറിന്‍റെ 113-ാം ജന്മദിനത്തിലാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

 

"സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്‍റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്‍റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും", ആഷിക് അബു അറിയിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. 

 

അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏകാന്തതയുടെ അപാരതീരം' എന്നുതുടങ്ങുന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. എം എസ് ബാബുരാജിന്‍റേതായിരുന്നു സംഗീതം. ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. 'പ്രേതബാധ'യുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. 

click me!