പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ കിഷോർ സത്യ

പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനവുമായി നടന്‍ കിഷോര്‍ സത്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് കിഷോറിന്‍റെ പ്രതികരണം. നിയമത്തിന് മുന്നിലെത്തുന്ന സ്ത്രീ പീഡന പരാതികളിലെ വ്യാജമായവയെക്കുറിച്ച് പറയുന്ന കിഷോര്‍ സത്യ പുരുഷന്‍റെ അന്തസ്സിനും വിലയുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്

#അവൾക്കൊപ്പമല്ല, അവനൊപ്പം. ഒരു സ്ത്രീ തന്റെ മാനത്തിന്റെ കാര്യത്തിൽ നുണ പറയില്ല എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതികളിൽ നിയമം സ്ത്രീയുടെ പക്ഷത്ത് നിൽക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ശ്രീമതി ഫാത്തിമ ബീവിയുടെ കാലത്താണ് ഇത്തരമൊരു സമീപനം സ്വീകരിച്ചു തുടങ്ങിയത് എന്നൊരു വക്കീൽ എന്നോട് എപ്പോഴോ പറഞ്ഞിരുന്നു (തെറ്റുണ്ടെങ്കിൽ തിരുത്താം). പക്ഷെ ഇന്ന് സ്ഥിതിഗതികൾ ഒരുപാട് മാറിയിരിക്കുന്നു. പുരുഷനെ കുടുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെ വർധിച്ചിരിക്കുന്നു. ഇത്തരക്കാർ മൂലം യഥാർത്ഥ ഇരകൾക്ക് നീതി നിഷേധവും പൊതുമണ്ഡലത്തിൽ അപമാനവും നേരിടുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന പരാതികളിൽ 50% ൽ അധികവും വ്യാജമാണ് എന്നൊരു ആർട്ടിക്കിൾ 2017 ൽ ബിബിസി പ്രസിദ്ധീകരിച്ചിരുന്നു. (പക്ഷെ ഈ കാര്യത്തിൽ ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല).

പുരുഷന് എതിരെയുള്ള വ്യാജ പരാതികളിൽ പ്രതികരിക്കുന്നവരെ പോലും സ്ത്രീ വിരുദ്ധർ ആയി മുദ്രകുത്തപ്പെടുമെന്നുള്ള ഭയത്തലാണ് പലരും മൗനം പാലിക്കുന്നത്. അതിനിടയിലാണ് എങ്ങനെയും വൈറൽ ആവാനും അതിലൂടെ പണം നേടാനുമുള്ള വ്യഗ്രതയിൽ "പൊതു ഇടത്തിൽ ഉപദ്രവിക്കുന്ന പുരുഷ വീഡിയോകൾ" എന്ന പുതിയ പ്രതിഭാസം ഉടലെടുത്തിരിക്കുന്നതിന്. അതിന്റെ ആദ്യ "ഇരയാണ്" ദീപക്. അപമാന ഭാരത്താൽ നിലച്ച ആ ശ്വാസം തിരിച്ചു നൽകാൻ ഒരു സമൂഹ മാധ്യമത്തിനും ആവില്ലല്ലോ...!

പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വീഡിയോ എടുത്തോളൂ. കാരണം കോടതിയിൽ തെളിവ് വേണമല്ലോ. പക്ഷെ അതെടുത്തു ഇൻസ്റ്റയിലോ ഫേസ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്കുക. നിങ്ങൾ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാൻ ഉണ്ടായിരിക്കും. നിയമം തീരുമാനിക്കട്ടെ. പൊതുവിചാരണ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിറയ്ക്കാനുള്ള ടൂൾ ആയി അതുപയോഗിക്കരുത്. ആ പണം കൊണ്ട് ദീപക്കിന്റെ ജീവൻ തിരികെ വാങ്ങി കൊടുക്കാൻ സഹോദരി നിങ്ങൾക്ക് ആവില്ല... ഇനിയും മറ്റൊരു ദീപക് മരിക്കാതിരിക്കട്ടെ.... ബാലചന്ദ്രൻ മേനോൻ സാറിനെതിരെയുള്ള പീഡന പരാതിയിൽ അദ്ദേഹത്തിന് ജാമ്യം നൽകിയപ്പോൾ ഹൈകോടതി സിംഗിൾ ബെഞ്ച് അതിൽ ഒരു വരി എഴുതിച്ചേർത്തിരുന്നു. "....സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്റെ അന്തസ്സിനും വിലയുണ്ട്..... "

Asianet News Live | Malayalam Live News | Kerala News Updates | Breaking News l HD News Streaming