
ബിഗ്ബോസ് മലയാളം സീസൺ 7 ഫൈനലിനോട് അടുത്തുകൊണ്ടിരിക്കെ ഒരു മൽസരാർത്ഥി കൂടെ എവിക്ട് ആയിരിക്കുകയാണ്. മോഡലും നടനും ക്രിക്കറ്റ് താരവുമായ ആര്യൻ കതൂരിയ ആണ് പുറത്തായിരിക്കുന്നത്. അനുമോൾക്ക് പിആർ ഉണ്ടെന്ന് പുറത്തായതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിലടക്കം ആര്യൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. ആര്യന് പിആർ ഇല്ലെന്നും ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴും അവൻ ബിഗ്ബോസിൽ ഉണ്ടാകുമായിരുന്നു എന്നും ആര്യന്റെ സഹോദരൻ പറയുന്നു. അനുമോളെക്കുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്സ് എന്നായിരുന്നു ആര്യന്റെ അമ്മയുടെ മറുപടി. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ആര്യനെ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയതായിരുന്നു ഇവർ.
''ആര്യൻ വിജയിക്കും എന്നാണ് വിചാരിച്ചത്. ഗെയിമല്ലേ എന്ത് ചെയ്യാൻ പറ്റും. പിആറിന്റെ കളികളാണോയെന്ന് അറിയില്ല. അവന് പിആർ ഉണ്ടായിരുന്നില്ല. ഞങ്ങൾ ഫ്രണ്ട്സും ഫാമിലിയും ചേർന്ന് അവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുമായിരുന്നു, അത്രമാത്രം. ആര്യൻ എന്റെ ബ്രദറും എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. ചെറുപ്പത്തിൽ ഒരുമിച്ച് ഫുട്ബോളും, ക്രിക്കറ്റുമെല്ലാം കളിക്കുമായിരുന്നു. ഒരുമിച്ചായിരുന്നു എപ്പോഴും. അതുകൊണ്ട് തന്നെ വേറൊരു അറ്റാച്ച്മെന്റാണ് അവനോട് എനിക്ക്. അതുകൊണ്ട് തന്നെ അവനെക്കുറിച്ചുള്ള മറുപടികൾ ബയാസ്ഡാകും.
ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. ചിലർ ജയിക്കും ചിലർ തോല്‍ക്കും. ആ ഒരു രീതിയിൽ കണ്ടാൽ മതി'', ആര്യന്റെ സഹോദരൻ പറഞ്ഞു.
അനുമോൾ ജൻഡർ കാർഡ് ഇറക്കുകയാണോ എന്ന ചോദ്യത്തിന് ജൻഡർ കാർഡ് ഇവിടെ മാത്രമല്ല പലയിടത്തും പലരും ഇറക്കാറുള്ളതാണ് എന്നായിരുന്നു സഹോദരന്റെ പ്രതികരണം. ജൻഡർ കാർഡ് ഇറക്കുന്നവരിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലെന്നും ആര്യന്റെ സഹോദരൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക