'മാളികപ്പുറം ' തന്നെയാണ് എന്‍റെ നോട്ടത്തിൽ മെഗാസ്റ്റാര്‍: പുകഴ്ത്തി ബാലചന്ദ്ര മേനോന്‍

Published : Jan 15, 2023, 09:24 PM IST
 'മാളികപ്പുറം ' തന്നെയാണ് എന്‍റെ നോട്ടത്തിൽ മെഗാസ്റ്റാര്‍: പുകഴ്ത്തി ബാലചന്ദ്ര മേനോന്‍

Synopsis

മാളികപ്പുറം ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ് ബാലചന്ദ്ര മേനോന്‍ തന്‍റെ അനുഭവം പങ്കുവച്ചത്. വീഡിയോയില്‍ ഉണ്ണി മുകുന്ദനെയും കാണാം. 

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ഇതിനകം ചിത്രത്തിനെ അഭിനന്ദിച്ച് ഏറെ പ്രമുഖരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മാളികപ്പുറത്തെയും അതിലെ പ്രധാന വേഷമായ കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും പുകഴ്ത്തുന്നത്. 

മാളികപ്പുറം ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ് ബാലചന്ദ്ര മേനോന്‍ തന്‍റെ അനുഭവം പങ്കുവച്ചത്. വീഡിയോയില്‍ ഉണ്ണി മുകുന്ദനെയും കാണാം. 

ഒരു സോഷ്യൽ മീഡിയാ  'പരത്തി  പറച്ചിലുകളും ' ഇല്ലാതെ മലയാളത്തിലെയും തമിഴിലെയും വമ്പൻ പടങ്ങളെ സധൈര്യം  നേരിട്ട്.  വിജയക്കൊടി പാറിച്ച 'മാളികപ്പുറം ' തന്നെയാണ് എന്റെ നോട്ടത്തിൽ
സൂപ്പര്‍സ്റ്റാര്‍  അല്ലെങ്കിൽ മെഗാസ്റ്റാര്‍ - എന്നും ബാലചന്ദ്ര മേനോന്‍ തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. 

ചിത്രത്തില്‍ കല്ലു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെക്കുറിച്ച് പറയുന്ന ബാലചന്ദ്ര മേനോന്‍ ഏതു ദോഷൈകദൃക്കിനും  ആ കുഞ്ഞിന്റെ  മുഖത്ത് മാറിമാറി വരുന്ന  'മിന്നായങ്ങൾ' കണ്ടാൽ ആരാധനയോടെ  നോക്കി ഇരിക്കാനേ കഴിയൂ എന്നും പറയുന്നു. 

ബാലചന്ദ്ര മേനോന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു ....
എന്നാൽ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം  മാത്രമാണ് ...
എന്തെങ്കിലും പറയുന്നതിന് മുൻപ് എനിക്ക്,  മാളികപ്പുറമായി  'കൺകുളിരായി' വന്ന  ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും  ആ കുഞ്ഞിന്റെ  മുഖത്ത് മാറിമാറി വരുന്ന  'മിന്നായങ്ങൾ' കണ്ടാൽ ആരാധനയോടെ  നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്പോൾ ഒരു ക്യാമറക്കും  കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി  അഭിനയിച്ചത് എന്നു  തോന്നാം , അത്രയ്ക്ക്  സ്വാഭാവികമാണ്  ആ പ്രകടനം .  ദേശീയ   തലത്തിൽ  ദേവനന്ദ അംഗീകരിക്കപ്പെടും എന്ന്  ഞാൻ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയിൽ പറഞ്ഞാൽ "ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്‌ണു ചേട്ടനുമൊക്കെ " അവൾക്കു സഹായകമായി എന്നതിനെ ഞാൻ  ഒട്ടും  കുറച്ചു കാണുന്നില്ല . എന്നാൽ 'അതുക്കും മേലെ '  എന്തോ ഒന്ന് ദേവാനന്ദക്ക്  സ്വന്തമായിട്ടുണ്ട് .  അച്ഛനമ്മമാർ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികൾ  കണ്ടെത്തണമെന്ന് ഞാൻ എടുത്തു പറയുന്നു ....
WELL CAST , HALF DONE  എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR  ഉണ്ടെങ്കിൽ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ !  ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ല .അയ്യപ്പനും  മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ  'വെട്ടും കുത്തും  ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത  ഒരു സ്വാതിക്  ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് ....
എനിയ്ക്കു എടുത്തു പറയേണ്ട  ഒന്ന് കൂടിയുണ്ട് ...കുറെ കാലമായി  ഒരു തരം  ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു ...ഞാൻ ഇന്നലെ കാണുമ്പോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ  കുറെ കാലമായി കാണാതിരുന്ന 'ഫാമിലി ആഡിയൻസ് ' പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു  പോലെ തന്നെ നിറഞ്ഞു . കുംബസദസ്സുകൾ കൊണ്ട് തിയേറ്ററുകൾ നിറയണം എന്നാഗ്രഹിക്കുന്ന ‌ ആളാണ്  ഞാനും .  എന്തെന്നാൽ ,സിനിമ മൊബൈലിൽ കാണാനുള്ളതല്ല .മറിച്ചു  ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച  കാര്യത്തിൽ  മാളികപ്പുറം  പ്രത്യേക  അഭിനന്ദനം  അർഹിക്കുന്നു.
ഇക്കഴിഞ്ഞ ദുബായ് യാത്രയിൽ  നിർമ്മാതാവ്  വേണുവിനെ കണ്ടപ്പോൾ  മാളികപ്പുറം  ചർച്ചയായി .കഥ കേട്ടതും  ഒരു സംശയവുമില്ലാതെ  മുന്നോട്ടു  പോകാൻ  തീരുമാനിച്ചതാണത്രേ ! എന്നാൽ ഇത്ര ഒരു വിജയം  മനസ്സിൽ കണ്ടിരുന്നോ എന്ന്  വേണു  തന്നെ  പറയട്ടെ ..
ഈ ചിത്രത്തിന്റെ  എല്ലാ  ശില്പികൾക്കും ഞാൻ   ഒരു ' BIG SALUTE '  നൽകുന്നു ...
എന്നാലും,  ദേവാനന്ദക്കു  അല്ല  പ്രിയപ്പെട്ട "കല്ലു"വിനു  വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ ......
അതാണ്  ഈ ചിത്രത്തിന്റെ വിജയവും !
ഒരു സോഷ്യൽ മീഡിയാ  'പരത്തി  പറച്ചിലുകളും ' ഇല്ലാതെ വമ്പൻ പടങ്ങളെ  (മലയാളവും തമിഴും)   സധൈര്യം   നേരിട്ട്.  വിജയക്കൊടി പാറിച്ച 'മാളികപ്പുറം ' തന്നെയാണ് എന്റെ നോട്ടത്തിൽ
SUPER STAR ' 
അല്ലെങ്കിൽ....
" MEGASTAR !!'
that's  ALL  your honour !
വാൽക്കഷണം
അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ "ഗന്ധർവ്വൻ " ആകുമെന്ന്  വാർത്തകൾ !
ഒരു കാര്യം പറയാതെ വയ്യ ...
തിയേറ്ററുകളിലെ  പരിതാപകരമായ അവസ്ഥക്ക്  ഒരു  മോചനം കിട്ടാൻ  അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു  എന്നത് സത്യം ... ഇതൊരു  ശീലമായാൽ  ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ ... ശിവൻ , ഗണപതി  അങ്ങിനെ പോകുന്നു പട്ടിക .. നമുക്ക്  കാത്തിരിക്കാം ...

'മാളികപ്പുറം പോലെയോ അതിലുപരിയോ ശ്രദ്ധനേടുന്ന സിനിമയാകും'; 'പുഴ മുതല്‍ പുഴവരെ'യെ കുറിച്ച് രാമസിംഹൻ‌

'വ്യത്യസ്തമായ സിനിമ അനുഭവം, അയ്യപ്പനായി ഉണ്ണി മുകുന്ദൻ താദാത്മ്യം പ്രാപിച്ചിട്ടുണ്ട്'; പി എസ് ശ്രീധരന്‍ പിള്ള

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ