Asianet News MalayalamAsianet News Malayalam

'മാളികപ്പുറം പോലെയോ അതിലുപരിയോ ശ്രദ്ധനേടുന്ന സിനിമയാകും'; 'പുഴ മുതല്‍ പുഴവരെ'യെ കുറിച്ച് രാമസിംഹൻ‌

'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രം നിര്‍മ്മിച്ചത്. 

director ramasimhan facebook post about puzha muthal puzha vare movie
Author
First Published Jan 15, 2023, 8:46 AM IST

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നാളുകളായി റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ച് രാമസിംഹൻ‌ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് സംവിധായകൻ പറയുന്നു. "1921 പുഴമുതൽ പുഴവരെ സെൻസർ ബോർഡിന്റെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്... നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും..", എന്നാണ് രാമസിംഹൻ‌ കുറിച്ചത്. 

അതേസമയം, ചിത്രം രണ്ടാമതും പുന: പരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍റെ തീരുമാനം സിനിമാറ്റോഗ്രാഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പ്രതിഷേധവുമായി അടുത്തിടെ ടി.ജി. മോഹന്‍ദാസ് രംഗത്ത് എത്തിയിരുന്നു. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂർ വിഷയത്തില്‍ ഇടപെടണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു. 

വീണ്ടും കാക്കി അണിഞ്ഞ് കലാഭവന്‍ ഷാജോൺ; ഒപ്പം മിയയും; 'പ്രൈസ് ഓഫ് പൊലീസ്' ഫസ്റ്റ് ലുക്ക്

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രം നിര്‍മ്മിച്ചത്. 

Follow Us:
Download App:
  • android
  • ios