
കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയില്‍ പ്രതികരണവുമായി നടന്‍ ചന്തുനാഥ്. ഈ സംഭവത്തെക്കുറിച്ച് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്ന് പറയുന്നു ചന്തുനാഥ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയവങ്ങള്‍ അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍റെ പ്രതികരണം.
ചന്തുനാഥിന്‍റെ കുറിപ്പ്
അവിശ്വസനീയമാണ്!! തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022 ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകും എന്ന് ഉറപ്പുണ്ട്. എന്നിരുന്നാലും മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർഅന്വേഷണങ്ങളിൽ തെളിയണം. അതല്ല 'primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍, ഹാ കഷ്ടം എന്നേ പറയാനുള്ളൂ. മരവിപ്പ്.
എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ആഭിചാര പൂജയ്ക്കായി ഇലന്തൂരില്‍ എത്തിച്ച് നരബലി നൽകിയത്. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് എത്തിച്ചത്. സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് പത്തനംതിട്ടയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ പത്തനംതിട്ടയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ