
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ദേവൻ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടവധി വേഷങ്ങൾ ചെയ്ത് താരം ഇതര ഭാഷയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതലും വില്ലൻ വേഷങ്ങളാണ് ദേവൻ ചെയ്തെങ്കിലും മികച്ച അച്ഛൻ, കോമഡി കഥാപാത്രങ്ങൾ ചെയ്തും അദ്ദേഹം ബിഗ് സ്ക്രീനിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ദേവന്റെ ഭാര്യ സുമ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുകയാണ് ദേവൻ. ഐസ്ക്രീമിന്റെ അലർജി ശ്വാസകോശത്തെ ബാധിച്ചതാണെന്നാണ് നടൻ പറയുന്നത്.
"അവൾക്ക് പെട്ടെന്ന് ഐസ്ക്രീമിന്റെ അലർജി വന്നു. വിട്ട് പോയിട്ട് നാല് വർഷം ആകാൻ പോകുന്നതെ ഉള്ളൂ. ചെന്നൈയിൽ വച്ച് ഐസ്ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടൽ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയിൽ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടർ മുന്നറിയിപ്പും നൽകി. പിന്നീട് നാട്ടിൽ, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടിൽ വന്നിരുന്നു. ചേർത്തലയിൽ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാൻ. കുട്ടികൾക്ക് വേണ്ടി ഐസ്ക്രീമും വാങ്ങി വച്ചിരുന്നു. അവർ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. എനിക്ക് തോന്നുന്നത് ഇതൊന്നും ഓർക്കാതെ ഐസ്ക്രീം അവളെടുത്ത് കഴിച്ചു. ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാൻ വന്നപ്പോൾ വളരെ സീരിയസ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഐസ്ക്രീമിന്റെ അലർജി കൊണ്ട് ശ്വാസകോശത്തിൽ ഹോൾസ് വന്നു. അപ്പോൾ ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു", എന്നായിരുന്നു ദേവൻ പറഞ്ഞത്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു ദേവന്റെ പ്രതികരണം. 2019 ജൂലൈയിൽ ആയിരുന്നു സുമ ദേവന്റെ വിയോഗം. അൻപത്തി അഞ്ച് വയസായിരുന്നു. ലക്ഷ്മിയാണ് ഇവരുട മകൾ. മരുമകന്‍ സുനില്‍ സുഗതന്‍(യുഎസ്എ).