
മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന ഒരു മറാത്തി നടൻ. അത്തരത്തിലൊരാൾക്ക് തങ്കം സിനിമയിൽ എന്തു ചെയ്യാനാണെന്നായിരുന്നു സിനിമയിറങ്ങും മുമ്പെയുണ്ടായ ചിന്ത. എന്നാൽ, സിനിമയിൽ ജയന്ത് സഖൽക്കര്‍ എന്ന കുശാഗ്രബുദ്ധിയുള്ള പൊലീസ് ഓഫീസറായി വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിരിക്കുകയാണ് മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കര്‍ണി.
ഏറെ ആഴമുള്ള, ദുരൂഹത നിഴലിക്കുന്ന, പല അടരുകളുള്ള സിനിമയുടെ കഥയിൽ നിര്‍ണ്ണായക വേഷമാണ് ഇദ്ദേഹം കൈയ്യാളുന്നത്. ആദ്യ മലയാള സിനിമയായിരുന്നിട്ട് കൂടി സമാനതകളില്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിലെ ഏറെ പ്രധാന്യമുള്ള കുറ്റാന്വേഷണ രംഗങ്ങളിൽ ഏറെ തീവ്രമായി എന്നാൽ ഏറ്റവും ലളിതമായി പ്രേക്ഷകരെ കൂടി ആ പൊലീസ് ഓഫീസർമാരോടൊപ്പം അവരിലൊരാളായി കൊണ്ടുപോകും വിധത്തിലാണ് സിനിമ നീങ്ങുന്നത്. അതിൽ ഗിരീഷ് കുൽക്കര്‍ണിയുടെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ചടുലമായ ചലനങ്ങളുമൊക്കെ എടുത്തു പറയേണ്ടതാണ്. ഏറെ കൈയടക്കത്തോടെയുള്ള അദ്ദേഹത്തിന്‍റെ പ്രകടനം ഒരു മായാജാലക്കാരനെ പോലെ കാഴ്ചക്കാരനെ തന്നിലേക്ക് ആകർഷിക്കുന്നതാണ്.
ബോക്സ് ഓഫീസ് ഭരിച്ച് 'പഠാൻ'; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം
മലയാളത്തിൽ വിവിധ സിനിമകളിൽ ക്യാമറ ഗിമ്മിക്കുകളും മറ്റുമൊക്കെയായി കിടിലമാക്കി തോന്നിപ്പിച്ചിട്ടുള്ള ചില തട്ടുപൊളിപ്പൻ അന്വേഷണ രീതികളെയൊക്കെ ‘തങ്കം’ കവച്ചുവയ്ക്കുന്നുണ്ട്. അതിലുള്‍പ്പെട്ടവരുടെ മാനസിക സംഘർഷങ്ങളും ആകാംക്ഷകളും അസ്വസ്ഥകളും മറ്റുമൊക്കെ റിയലിസ്റ്റിക് രീതിയിൽ സിനിമ പറഞ്ഞുവയ്ക്കുമ്പോൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. അതിൽ തന്നെ ഗിരീഷ് കുൽക്കർണിയുടെ രംഗങ്ങളൊക്കെ ശരിക്കും ക്ലാസാണ്.
ബോളിവുഡ് ചിത്രമായ 'ദംഗല്‍', 'അഗ്ലി', വെബ് സീരീസുകളായ ആയ 'സേക്രഡ് ഗെയിമ്സ്', ഫയര്‍ബ്രാൻഡ് എന്നിവയിലൂടെ ശ്രദ്ധേയനായ ഗിരീഷ് കുൽക്കർണി മറാത്തിയിലെ ശ്രദ്ധേയ നടനും ദേശീയ പുരസ്കാര ജേതാവുമാണ്. 2011ൽ 'ഡ്യൂൾ' എന്ന മറാത്തി സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അതേവർഷം തന്നെ 'ഡ്യൂൾ' ലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മറാത്തി, ഹിന്ദി ഭാഷകളിൽ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ആറോളം സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുള്ളയാളാണ്.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത 'തങ്കം' സിനിമയിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ജനുവരി 26ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ