
ഓൺലൈൻ മീഡിയകളിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു സംസാരിച്ച് നടി ഗൗരി കൃഷ്‍ണൻ. തന്റെ വിവാഹത്തോട് അനുബന്ധിച്ച് ഓൺലൈൻ മീഡിയ നൽകിയ ക്യാപ്ഷനുകളും തമ്പ്നെയിലുകളും കാരണം പ്രേക്ഷകർക്കിടയിൽ തനിക്ക് ‘അഹങ്കാരി’യെന്ന പട്ടം ലഭിച്ചുവെന്ന് ഗൗരി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
''കല്യാണം കഴിഞ്ഞ് ഒരു വീട്ടിലേക്ക് പെൺകുട്ടി ചെല്ലുമ്പോൾ ആദ്യം എല്ലാവരാലും ഒന്ന് ജഡ്ജ് ചെയ്യപ്പെടും. അത് സ്വാഭാവികമാണ്. നേരത്തെ തന്നെ അഹങ്കാരി എന്നൊരു പട്ടം എനിക്ക് വന്നതുകൊണ്ട് എങ്ങനെയാകും ഞാൻ ജഡ്ജ് ചെയ്യപ്പെടുകയെന്ന് ഊഹിക്കാമല്ലോ. അതൊന്നും മീഡിയക്കാർക്ക് അറിയേണ്ടല്ലോ. എന്റെ ഒരു ഇമോഷൻസും ഞാൻ ഒളിപ്പിക്കാറില്ല. ഫേക്കായി നിൽക്കാൻ എനിക്ക് അറിയില്ല. മരണം വരെ ഇങ്ങനെ നിൽക്കാനെ എനിക്ക് പറ്റൂ. വിവാഹത്തിന് ഞാൻ ഒറ്റയ്ക്കാണ് പല കാര്യങ്ങളും നോക്കിനടത്തിയത്. മീഡിയയെ ക്ഷണിച്ചിരുന്നില്ല. എന്നിട്ടും പ്രതീക്ഷിക്കാതെ അത്രയും ആളുകൾ കൂടിയപ്പോൾ എനിക്കു തന്നെ എഴുന്നേറ്റു നിന്ന് സംസാരിക്കേണ്ടി വന്നു.
കല്യാണത്തിനുശേഷം ആത്മഹത്യകൾ സംഭവിക്കുന്നതും കൊലപ്പെടുന്നതുമായ വാർത്തകൾ കേൾക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കണം, വീഡിയോ ചെയ്യണം എന്നൊക്കെ എനിക്ക് തോന്നാറുണ്ട്. ചിലത് ചെയ്ത് വെച്ചിട്ടുമുണ്ട്. പക്ഷെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു ക്യാപ്ഷനിൽ വരുമ്പോൾ ഞാൻ പറഞ്ഞതൊക്കെ മാറി മറിയും. ഞാൻ കാരണം മറ്റൊരാളെ ഒന്നും ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ആ വീഡിയോകൾ പോസ്റ്റ് ചെയ്യാത്തത്'', ഗൗരി അഭിമുഖത്തിൽ പറഞ്ഞു.
വിവാഹത്തിന് സ്വർണ്ണാഭരണങ്ങൾക്ക് പകരം ഇമിറ്റേഷൻ ആഭരണങ്ങൾ ധരിച്ചതിന്റെ പേരിലും തനിക്ക് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നുവെന്നും സ്വർണം ഇട്ട് ചെന്നാൽ മാത്രമെ ഭർത്താവിന്റെ വീട്ടിൽ വില കിട്ടൂ എന്നും, അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അവകാശപ്പെട്ട സ്വർണം ചോദിച്ചു വാങ്ങണമായിരുന്നുവെന്ന് ചിലർ പറഞ്ഞെന്നും ഗൗരി കൂട്ടിച്ചേർത്തു.
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്‍ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ