
സിനിമാ താരം എന്നതിന് അപ്പുറത്തേക്ക് നമ്മളിൽ ഒരാളാണെന്ന് തോന്നിപ്പിക്കുന്ന ചില അഭിനേതാക്കളുണ്ട്. മലയാളിത്തനിമയോടെ പ്രേക്ഷകർക്കൊപ്പം ചേർന്ന് നിൽക്കുന്നവർ. അക്കൂട്ടത്തിലൊരാളാണ് നടൻ ജയറാം. നടൻ എന്നതിന് ഉപരി ആന പ്രേമം, ചെണ്ടക്കാരൻ എന്നീ മേഖലകളിലും നിറസാന്നിധ്യമായ ജയറാം ഒരു ക്ഷീര കർഷകൻ കൂടിയാണ്. വിവിധ ഇനത്തിൽപ്പെട്ട ഒട്ടനവധി പശുക്കൾ ജയറാമിന്റെ ആനന്ദ് ഫാമിൽ ഉണ്ട്. ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ ജയറാമിനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ഞാൻ ഒരു ക്ഷീര കർഷകനാണെന്ന് വളരെ അഭിമാനത്തോടെ തന്നെ പറയുകയാണ്. അതെന്റെ സ്വകാര്യ സന്തോഷമാണ്. എന്റെ ഫാമോ പശുക്കളെയോ പുറംലോകത്ത് ഞാൻ അധികം കൊണ്ടുവന്നിട്ടില്ല. അതെന്റെ സ്വകാര്യ സന്തോഷമായി എപ്പോഴും കൊണ്ടു നടക്കുന്ന കാര്യമാണ്. രണ്ട് തവണ എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. സിനിമ നടൻ അല്ലെ, എങ്കിൽ പിന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞ് തന്ന അവാർഡ് ആണെന്ന് നിങ്ങൾ വിചാരിക്കരുത്. എനിക്ക് അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. നൂറ് ശതമാനവും അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. 2005ൽ ഏറ്റവും നല്ല വൃത്തിയുള്ള ഫാമിനുള്ള പുരസ്കാരമാണ് കിട്ടിയത്. 2022ൽ എന്നെ തെരഞ്ഞെടുക്കാൻ കാരണം, 2018ലെ വെള്ളപ്പൊക്കത്തിൽ 100 ശതമാനം നശിച്ച് പോയൊരു ഫാമാണ് എന്റേത്. പെരിയാറിന്റെ തീരത്താണ്. ആ ചെളിയുടെ കൂമ്പാരം മാറ്റാൻ മാത്രം നാലും അഞ്ചും മാസം വേണ്ടി വന്നു. എത്രയോ പശുക്കളാണ് വെള്ളത്തിൽ ഒലിച്ച് പോയത്. വീണ്ടും വോണോ വേണ്ടയോ എന്ന് കരുതി, മണ്ണിനോടുള്ള ഇഷ്ടം കൊണ്ട് തിരിച്ച് എല്ലാം കെട്ടിപ്പടുത്ത്, 2022ൽ ഏറ്റവും മികച്ച ഫാമാക്കി, ലാഭകരമായ ഫാമാക്കി മാറ്റി. അതിനാണ് എനിക്ക് അവാർഡ് ലഭിച്ചത്. അതിനാണ് സംസ്ഥാന സർക്കാർ അവാർഡ് തന്നത്. അല്ലാതെ വെറുതെ അല്ല. പശുക്കൾക്ക് ഉപയോഗിക്കുന്ന കേരള ഫീഡ്സ് എന്ന ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ഞാൻ. അതും സിനിമാ നടനായത് കൊണ്ടല്ല", എന്നായിരുന്നു ജയറാമിന്റെ വാക്കുകൾ. കളമശേരി കാർഷികോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക നടൻ ജയറാം
മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരുമായി ബന്ധപ്പെട്ടാണ് ഫാമിന് ആനന്ദ് എന്ന പേര് ജയറാം നൽകിയത്.ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ആവശ്യക്കാർക്ക് നേരിട്ടും, സൊസൈറ്റിയിലുമാണ് നൽകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ