കോടതി കയറിയവർ മുതൽ നിരപരാധികൾ വരെ; വ്യത്യസ്ത കാസ്റ്റിം​ഗ് കോളുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം

Web Desk   | Asianet News
Published : Sep 06, 2021, 08:48 AM ISTUpdated : Sep 06, 2021, 09:42 AM IST
കോടതി കയറിയവർ മുതൽ നിരപരാധികൾ വരെ; വ്യത്യസ്ത കാസ്റ്റിം​ഗ് കോളുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം

Synopsis

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു'ശേഷം നിവിന്‍ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു.

ന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന 'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. 

സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് 'ന്നാ താന്‍ കേസ്‌കൊട്' സിനിമയുടെ പോസ്റ്ററിലുള്ളത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയാണ് തങ്ങള്‍ക്ക് വേണ്ട അഭിനേതാക്കളെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

രണ്ട് കള്ളന്മാര്‍, എട്ട് പൊലീസുകാര്‍,16 വക്കീലുമാര്‍, ഒരു മജിസ്ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്ക്, 5  ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അംഗന്‍വാടി ടീച്ചര്‍, 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവരെയാണ് ആദ്യ ഭാഗത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രായമോ മറ്റു ഘടകങ്ങളോ ഒന്നും ഈ ഭാഗത്ത് വ്യക്തമാക്കിയിട്ടില്ല.  രണ്ടാമത്തെ സെറ്റ് അഭിനേതാക്കളെയും ഇതുപോലെ ചിരി പടര്‍ത്തും വിധത്തില്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കേസില്‍ കോടതി കയറിവര്‍, യൗവനം വിട്ടുകളയാത്ത വൃദ്ധദമ്പതികള്‍, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും മന്ത്രിയുടെ പി.എയെയും വിദേശത്ത്  പഠിച്ച നാട്ടിന്‍പുറത്തുകാരന്‍. തൊഴില്‍രഹിതര്‍, നിരപരാധികള്‍ എന്നിവരെയാണ് അടുത്തതായി ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സ്വയം തോന്നുന്നുന്നവര്‍ക്കും നാട്ടുകാര്‍ ആരോപിക്കുന്നവര്‍ക്കും പങ്കെടുക്കാമെന്നും പോസ്റ്ററിലുണ്ട്. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുതരണമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മാ യൗ, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ടി കുരുവിളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ് പേര് പ്രഖ്യാപിച്ചിത്. ഇപ്പോള്‍ കാസ്റ്റിംഗ് കോളിന് വരുന്ന പ്രതികരണങ്ങള്‍  പോലെ'ന്നാ താന്‍ കേസ്‌കൊട്' എന്ന പേരും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതേസമയം 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു'ശേഷം നിവിന്‍ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും