
മീനാക്ഷിയുടേത് എന്ന രീതിയില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ഫോട്ടോ നടിയുടേതല്ലെന്ന് വിശദീകരണം. അത് നിയമപരമായി നേരിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. നടി മീനാക്ഷിയുടെ ഫേസ്‍ബുക്ക് അഡ്‍മിനാണ് ഫോട്ടോയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല. ഇത് ഒരു എഐ (artificial intelligence)സൃഷ്ടിയാണ് എന്ന് കരുതുന്നു. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു, വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് എന്നും ഫേസ്‍ബുക്കില്‍ അഡ്‍മിന്റെ പേരില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
മീനാക്ഷി 'വണ്‍ ബൈ ടു'വെന്ന ചിത്രത്തിലൂടെയാണ് നടിയായത്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലുള്ള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു. മലയാളികളുടെ പ്രിയ ബാലതാരമായും മാറി.
മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ 'ഒപ്പ'ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. 'ഒപ്പം' എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. 'മോഹൻലാല്‍', 'ക്വീൻ', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‍ന പ്യാരി' തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ 'കവച'യിലും വേഷമിട്ടു.
Read More: രഘുനാഥ് പലേരിയുടെ റൊമാന്റിക്ക് കോമഡി, സംവിധാനം ഷാനവാസ് കെ ബാവക്കുട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക