
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് മോദിക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തത്.
'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ഇന്ന് 75-ാം പിറന്നാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിക്കുന്നത്. ലോക നേതാക്കൾ അടക്കമുള്ള ഒട്ടനവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ നേര്‍ന്നു. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു.
അതേസമയം, ഹൃദയപൂർവ്വം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയാണിത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിച്ചിരുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് മോഹന്‍ലാലിന്‍റേതായി തിയറ്ററുകളിലേക്ക് എത്താനിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ നാളെ പുറത്തുവിടും. ചിത്രം 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.