
ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചും കടത്തിവെട്ടിയും മോഹൻലാൽ ചിത്രം തുടരും 25 ദിനങ്ങൾ പൂർത്തിയാക്കി. ഈ സന്തോഷം പങ്കുവച്ച് മോഹൻലാലും രംഗത്ത് എത്തിയിട്ടുണ്ട്. 'മഹത്തായ 25 ദിനങ്ങൾ' എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഇരുപത്തി അഞ്ചാം ദിനത്തിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. 'മലയാളിയ്ക്ക് ബെൻസിനോടുള്ള ഭ്രമം തുടരും, ആനന്ദം..പരമാനന്ദം, ഒരു സിനിമയുടെ ജീവൻ ആ സിനിമയുടെ കഥതന്നെ. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളുടെയും അദ്ധ്വാനത്തിൻ്റെ ഫലം ലഭിച്ച ഒരു സിനിമയാണ് തുടരും', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് തുടരും. മുൻവിധികളെ മാറ്റി മറിച്ചു കൊണ്ടുള്ള പ്രകടനം കാഴ്ചവച്ച ചിത്രം പത്ത് ദിവസം പിന്നിടുന്നതിന് മുൻപ് 100 കോടി ക്ലബ്ബിലെത്തി. പിന്നാലെ കേരളത്തിൽ മാത്രം 100 കോടി ലഭിക്കുന്ന സിനിമയുമായി തുടരും. ആഗോളതലത്തിൽ 200 കോടിയോളം ചിത്രം നേടിയെന്നാണ് കണക്കുകൾ.
മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, ശ്രീജിത്ത് രവി, അരവിന്ദ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് തുടരും. കെ.ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. രജപുത്ര വിഷ്വൽ മീഡിയയിലൂടെ ബാനറിൽ എം. രഞ്ജിത്ത് ആയിരുന്നു നിർമാണം. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..