
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ(Mohanlal) ചിത്രമാണ് 'ആറാട്ട്' (Aaraattu movie). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ട്രെയിലറിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഫെബ്രുവരി 18ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ആറാട്ട് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രിയ നടന്റെ ചിത്രം ആരാധകർ വൈറലാക്കി കഴിഞ്ഞു. "തമ്പുരാന്റെ ആറാട്ട്, തൃശൂർ പൂരത്തേ ഓർമ്മപ്പെടുത്താൻ, നെയ്യാറ്റിൻ കരയിൽ നിന്നും, ഗോപൻ ഇറങ്ങിപ്പുറപ്പെടുവാൻ ഒരുങ്ങുകയാണ്. കൂട്ടിനു നമ്മുടേ AR. ഉം ഉണ്ട്. അരേ ബലേ ഭേഷ്, ആ വരവ് കണ്ടാലേ മനസ്സിലാകും ഗോപേട്ടൻ കൊടി ഏറി ഉത്സവം നടത്തിയിട്ടേ മടങ്ങു",എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ആറാട്ട്. 2021 ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.
ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.