
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ പ്രാർത്ഥിച്ച ഷാരൂഖ് ഖാനെതിരായ(Shah Rukh Khan) വിമർശനങ്ങളിൽ പ്രതികരണവുമായി ഊര്‍മിള മണ്ഡോത്കർ(Urmila Matondkar). രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും ഇത് വളരെ സങ്കടകരമായ അവസ്ഥയാണെന്നും ഊര്‍മിള പ്രതികരിച്ചു. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഷാരൂഖ് ഖാന്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഈ വിവാദം വളരെ സങ്കടകരവും വേദനാജനകവുമാണെന്നും ഊർമിള കൂട്ടിച്ചേർത്തു. ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിന് മുമ്പില്‍ ഷാരൂഖ് പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ഒരു വിഭാഗം നടനെതിരെ രംഗത്തെത്തുകയും ചെയ്തു.
Read More : Fact Check : ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ ഷാരുഖ് ഖാൻ തുപ്പിയെന്ന് വ്യാജപ്രചരണം; സത്യമിതാണ്...
മൃതശരീരത്തില്‍ താരം തുപ്പിയെന്ന രീതിയിലായിരുന്നു പ്രചരണം. ഷാരുഖ് ഖാനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 92-ാം വയസിലാണ് ഇന്ത്യയുടെ വാനമ്പാടി വിടവാങ്ങിയത്. കൊവിഡ് ബാധിതയായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാരതരത്നമടക്കം പരമോന്നത ബഹുമതികൾ നൽകി രാഷ്ട്രം ആദരിച്ച മഹാപ്രതിഭയുടെ വിയോഗത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.