
അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാഗ്യ ചെലവ് ഏറ്റെടുത്ത് നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍(ViswaSanthi Foundation). 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. 'വിന്റേജ്' എന്നാണ് പദ്ധതിയുടെ പേര്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നൽകുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങളും സംഘടന തന്നെ നിർവ്വഹിക്കും.
ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിവാസി മേഖലയിൽ നിന്നും ഓരോ വർഷവും 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും സംഘടന നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.
സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ സജീവ ഇടപെടലുകളുമായി രംഗത്തുണ്ടായിരുന്നു. സർക്കാർ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജൻ ലഭ്യതയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകൾ, എക്സ് റേ മെഷിനുകൾ എന്നിവ ഫൗണ്ടേഷൻ നൽകിയിരുന്നു.
2015ലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി മോഹൻലാലും സംഘടനയും രംഗത്തത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ