
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ജൂലൈ 7ന് ഹാജരാകണമെന്നും അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടാനും കോടതി നിർദേശിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തന്നെ തളളിയതാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സിനിമ വഴി ലഭിച്ച വരുമാനത്തെപ്പറ്റി കൃത്യമായ പരിശോധന വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞത്. കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.