
കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
'ചട്ടമ്പി' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതിയില്‍ പറയുന്നത്. ആദ്യം ചോദ്യങ്ങൾക്ക് മാന്യമായി മറുപടി നൽകിയ നടന്‍, പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ സംസാരിക്കുക ആയിരുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തിയിരുന്നു. "എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല", എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഇതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
രണ്ട് ദിവസം മുമ്പാണ് ചട്ടമ്പി സിനിമ റിലീസ് ചെയ്തത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ