
പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് 'മേം ഹും മൂസ'. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30ന് ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെ അതി മനോഹരമായി തന്നെ സുരേഷ് ഗോപി സ്ക്രീനിൽ എത്തിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ദുബൈയിൽ വച്ചുള്ള 'മേം ഹും മൂസ' വിജയാഘോഷ ചിത്രങ്ങളാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. നടനൊപ്പം സൈജു കുറുപ്പും മിഥുനും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഫോട്ടോകൾ പങ്കുവച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് മേം ഹും മൂസ' നിർമ്മിച്ചിരിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
ജൂലൈ 29 ന് ആണ് ജോഷി സംവിധാനം ചെയ്ത പാപ്പൻ തിറ്ററുകളിൽ എത്തിയത്. വർഷങ്ങൾക്ക് ശേഷം ജോഷി- സുരേഷ് ഗോപി കോംമ്പോ വീണ്ടും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് മറ്റൊരു മെഗാഹിറ്റാണ് ലഭിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സെപ്റ്റംബര്‍ 7 ന് സീ 5ല്‍ പ്രീമിയർ ആരംഭിച്ചിരുന്നു.
ജയറാം ഇനി കന്നഡയിൽ; എത്തുന്നത് ശിവരാജ് കുമാറിന്റെ വില്ലനായി ?