അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ സഹോദരനാണ് ശിവരാജ്കുമാര്‍.

ലയാളികളുടെ പ്രിയതാരമാണ് ജയറാം. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജയറാം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കന്നഡ ഫിലിം ഇന്റസ്ട്രിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. ശിവരാജ്കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ​'ഗോസ്റ്റ്' എന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്. അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ സഹോദരനാണ് ശിവരാജ്കുമാര്‍.

എം ജി ശ്രീനിവാസ് ആണ് ​'ഗോസ്റ്റ്' സംവിധാനം ചെയ്യുന്നത്. നായകനൊപ്പം കിടപിടിച്ചു നിൽക്കുന്ന ശക്തനായ നടനെ ആ​ഗ്രഹിച്ചുവെന്നും ജയറാം സിനിമയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചിത്രത്തിൽ വില്ലനായാണ് ജയറാം എത്തുകയെന്നാണ് വിവരം. 

'സത്യത്തിൽ, ഈ വേഷത്തിലേക്കുള്ള ഓപ്ഷനുകളുടെ പട്ടികയുമായി ഞങ്ങൾ ശിവരാജ്കുമാറിന്റെ അടുത്തേക്ക് പോയപ്പോൾ, അദ്ദേഹം ജയറാമിനെ നിർദ്ദേശിക്കുക ആയിരുന്നു. സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലനും ഉണ്ടാകും. എന്നാല്‍ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഒക്‌ടോബര്‍ അവസാനം ബംഗളൂരുവിലെ ലൊക്കേഷനില്‍ ജയറാം ചേരും. രണ്ടുപേരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നത് ട്രീറ്റ് തന്നെ ആയിരിക്കും,' എന്നാണ് ശ്രീനിവാസ് പറഞ്ഞത്. 

ജയറാമിനൊപ്പം അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് ശിവരാജ് കുമാറും.'ജയറാം ഒരു നല്ല സുഹൃത്താണ്, ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങള്‍ പരസ്പരം ആരാധിക്കുന്നവരാണ്. ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹം തന്റെ അഭിനയത്തില്‍ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നുണ്ട്, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ഗോസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തിലാണ്,' എന്നാണ് ശിവരാജ് കുമാർ പറഞ്ഞത്. 

വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ

അതേസമയം, പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തില്‍ അണി നിരന്നിരുന്നു.