
നടി ആക്രമിക്കപ്പെട്ട(Actress Attack Case) സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ(Actor Suriya). ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല.
പക്ഷേ ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.
അതേസമയം, കേസിൽ ദിലീപ് മൊബൈൽ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്. ഫോൺ കൈമാറാൻ ജനുവരി 29 ന് കോടതി ഉത്തരവിട്ടിരുന്നു. 30 ന് മുംബൈയിൽ കൊണ്ടുപോയാണ് രേഖകൾ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രേഖകൾ നശിപ്പിച്ച ശേഷമാണ് 31 ന് ഹൈക്കോടതി രജിസ്ട്രാറുടെ മുന്നിൽ ഫോൺ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ച ശേഷം പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. അഭിഭാഷകരുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ തെളിവുകൾ പ്രതികൾ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇതിനിടയില്‍ കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകൾ സൃഷ്ടിക്കാനെന്നാണ് ദിലീപിന്‍റെ ആക്ഷേപം. എന്നാൽ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹർജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.
Read Also: Bhavana Menon : അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്ന് ആലോചിച്ചു: ഭാവന
'കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി'; അന്തിമഫലം വരെ പോരാടുമെന്നും ഭാവന
താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് നടി ഭാവന (Bhavana). വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ (Barkha Dutt) ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. തന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു.
ഭാവനയുടെ പ്രതികരണം
കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്‍റെ വിശദാംശം പറയുന്നില്ല. കോടതിയില്‍ 15 ദിവസം പോയി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്‍തു. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്‍ദാനം ചെയ്‍തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.