
തുടക്കത്തിൽ ലുക്ക് കൊണ്ട് പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് വിദ്യുത് ജംവാൾ. തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങി. ശേഷം കമാൻഡോ എന്ന ചിത്രത്തിലൂടെ നായകനായും തുടക്കം കുറിച്ച വിദ്യുത് ജംവാൾ ബില്ല 2, അഞ്ജാൻ, തുപ്പാക്കി തുടങ്ങി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കിടയിലും ശ്രദ്ധപിടിച്ചു പറ്റി. ലുക്കിലും ഫിറ്റ്നസിലും ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വിദ്യുത് ഒരു ആയോധന കലാകാരൻ കൂടിയാണ്. ബോളിവുഡിലെ കരുത്തുള്ള ആക്ഷൻ ഹീറോ എന്ന ലേബലടക്കം സ്വന്തമാക്കിയ വിദ്യുതിന്റെ ഒരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്.
യോഗാത്സവ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യുത് ജംവാൾ. യോഗത്തെ അഭിസംബോധന ചെയ്ത വിദ്യുത്, യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഹിന്ദിയിൽ ആയിരുന്നു തുടങ്ങിയതെങ്കിലും പതിയെ അദ്ദേഹം സംസ്കൃതത്തിൽ സംസാരിക്കാൻ തുടങ്ങി. വളരെ ഒഴുക്കോടും കൃത്യമായും വിദ്യുത് സംസ്കൃതം പറഞ്ഞത് സദസിലിരുന്ന പ്രമുഖരെയും കാണികളേയും ഒരുപോലെ അമ്പരപ്പിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടിയോടെ ആണ് അവർ പ്രസംഗത്തെ സ്വീകരിച്ചതും. പരിപാടിയുടെ പ്രധാന ഹൈലൈറ്റായും നടന്റെ പ്രസംഗം മാറി.
പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിദ്യുത് ജംവാളിന് എങ്ങും പ്രശംസാപ്രവാഹമാണ്. സ്വന്തം ഭാഷ പോലും ചിലരിൽ വിരളമായിരിക്കുന്ന ഈ കാലത്ത്, സംസ്‌കൃതം ഉപയോഗിച്ച് വിദ്യുത് ആശയവിനിമയം നടത്തിയതിനെയാണ് ഏവരും പ്രശംസിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ആദരവാണ് ഇതിൽ നിന്നും പ്രകടമാകുന്നതെന്നും കമന്റ് ബോക്സുകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.
ഏതാനും നാളുകള്‍ക്ക് മുന്‍പ് പൂർണ്ണനഗ്നനായി മരത്തിൽ വലിഞ്ഞുകയറുകയും മഞ്ഞിൽ കിടക്കുകയും ചെയ്യുന്നൊരു വീഡിയോ വിദ്യുത് പങ്കിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് ചെയ്യാറുണ്ടെന്നുമായിരുന്നു നടൻ അന്ന് പറഞ്ഞത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ