
കൊച്ചി: പൊലീസുകാരെ ഭീഷണിപ്പെടുത്തി, മദ്യപിച്ച് ബഹളമുണ്ടാക്കി എന്നീ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍. നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജോ എന്ന ഉമാ തോമസിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിനായകന്റെ പ്രതികരണം.
വിനായകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നതെന്നാണ് ഉമ തോമസ് പറഞ്ഞത്. സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയില്‍ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും ഉമ തോമസ് വിമര്‍ശിച്ചു. പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ പൊലീസിടപെടല്‍ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു.
അതേസമയം, വിനായകനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണത്തിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിലുള്ള വിവാദങ്ങളിലും മറുപടിയുമായി കൊച്ചി ഡിസിപി രംഗത്തെത്തി. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ലെന്നും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയതെന്നും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. ക്രമക്കേടും ഉണ്ടാകില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നു വര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പ് കൂടി ചുമത്തും. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തും. മുമ്പും വിനായകന്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. രക്ത സാമ്പിള്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താനാകും. ഉദ്യോഗസ്ഥരെ കായികമായി നേരിട്ടാല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പ് നിലനില്‍ക്കുവെന്നും കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി.
'ഗാസയ്ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കരുത്, അത് തിരിച്ചടിയാകും': ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ