'ഗാസയ്ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കരുത്, അത് തിരിച്ചടിയാകും': ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ
മനുഷ്യ ജീവനുകളെ അവഗണിക്കുന്ന ഇസ്രയേലിന്‍റെ യുദ്ധതന്ത്രം അവര്‍ക്കു തന്നെ തിരിച്ചടിയാകും എന്നാണ് ഒബാമയുടെ മുന്നറിയിപ്പ്.

വാഷിങ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതിനെതിരെയാണ് പ്രതികരണം. തലമുറകളോളം പലസ്തീന് ഇസ്രയേലിനോട് വിരോധത്തിന് കാരണമാകും. കൂടാതെ ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ഇത്തരം നടപടികളിലൂടെ ദുര്‍ബലമാകുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് വിദേശനയം സംബന്ധിച്ച പ്രതികരണം ഒബാമ നടത്തിയത് എന്നതാണ് പ്രസക്തമായ കാര്യം. മനുഷ്യ ജീവനുകളെ അവഗണിക്കുന്ന ഇസ്രയേലിന്‍റെ യുദ്ധതന്ത്രം അവര്‍ക്കു തന്നെ തിരിച്ചടിയാകും എന്നാണ് ഒബാമയുടെ മുന്നറിയിപ്പ്.
"ഗാസയിൽ ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന ഇസ്രയേലിന്‍റെ നിലപാട് മാനുഷിക ദുരിതം കൂടുതല്‍ ഗുരുതരമാക്കും. മാത്രമല്ല പലസ്തീനിലെ വരും തലമുറകളുടെയും ഇസ്രയേലിനോടുള്ള മനോഭാവം കഠിനമാകാന്‍ കാരണമാകും. ആഗോള പിന്തുണ ഇല്ലാതാവുകയും ചെയ്യും. ഇതോടെ ഇസ്രയേലിന്റെ ശത്രുക്കള്‍, മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ദീർഘകാല ശ്രമങ്ങളെ തകര്‍ക്കും"- ഒബാമ പറഞ്ഞു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 6000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയില്‍ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
അടിയന്തരമായ വെടിനിര്‍ത്തലിനും യുണിസെഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, പലായനം, ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും മരുന്നിന്‍റെയും കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഇന്ധനം എന്നിവയുൾപ്പെടെയുള്ള സഹായങ്ങള്‍ അനുവദിച്ചില്ലെങ്കിൽ ഗാസയിലെ മരണ സംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം