Actress Attack Case : വിചാരണക്കോടതി നടപടിക്കെതിരെ സർക്കാർ; ഹർജിയിൽ ഇന്ന് നിര്‍ണായക വിധി

By Web TeamFirst Published Jan 17, 2022, 12:57 AM IST
Highlights

കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) വിചാരണക്കോടതി (Trial Court) നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി (High Court) ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്‍റെ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജിയിൽ വിധി പറയുക.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. 

ഇതിനിടെ, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാർ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം  തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ കാര്യം വാർത്തയാതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി  മെഹബൂബ് രംഗത്തെത്തി. 
 

click me!