
കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. തൊലിയുടെ നിറത്തിന് താഴെ ഒരേ മാംസവും ഒരേ നിറത്തിലുള്ള രക്തവും ഉള്ള നമ്മൾ മനുഷ്യർ ജാതിയിൽ വ്യത്യസ്തരാകുമോ എന്നാണ് മഞ്ജു പത്രോസ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. അധ്യാപകരെന്നു പറയാൻ പോയിട്ട് മനുഷ്യരെന്നു പറയാൻ പോലുമുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ആ അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും അവനെ സ്നേഹിക്കുന്ന എല്ലാവർക്കും നീതി കിട്ടണമെന്നും മഞ്ജു പത്രോസ് കുറിച്ചു.
"മകനേ മാപ്പ് ഞാനും ഒരു മകന്റെ അമ്മയാണ്, സഹിക്കാനാകുന്നില്ല. മക്കൾ അടുത്ത് നിന്ന് അൽപ്പം മാറി നിൽക്കുമ്പോൾ പോലും ഇപ്പോൾ ഭയമാണ്. കാരണം ചുറ്റും പലവേഷത്തിലുള്ള കഴുകന്മാർ ആണ്. ഇവിടെ അത് അധ്യാപകരുടെ വേഷത്തിൽ ആയി, തൊലിയുടെ നിറത്തിന് താഴെ ഒരേ മാംസവും ഒരേ നിറത്തിലുള്ള രക്തവും ഉള്ള നമ്മൾ മനുഷ്യർ ജാതിയിൽ വ്യത്യസ്തരാകുമോ. മുന്നിൽ വന്നിരിക്കുന്ന ആ കണ്ണുകളെ നോക്കി അവരെ അധിക്ഷേപിക്കാൻ എങ്ങനെ കഴിയുന്നു നിങ്ങൾക്ക്. അധ്യാപകരെന്നു പറയാൻ പോയിട്ട് മനുഷ്യരെന്നു പറയാൻ പോലുമുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും അവനെ സ്നേഹിക്കുന്ന എല്ലാവർക്കും നീതി കിട്ടണം. ഇല്ലെങ്കിൽ പരുന്ത് റാഞ്ചാതെ പണ്ട് കോഴിക്കുഞ്ഞുങ്ങളെ കൊട്ടയുടെ അടിയിൽ ഇട്ട് വളർത്തിയത് പോലെ നമ്മുടെ മക്കളേ വളർത്തേണ്ടി വരും." മഞ്ജു പത്രോസ് കുറിച്ചു.
അതേസമയം നിതിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കണ്ണൂർ എ സി പിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥന്‍റെ അമ്മയും നിതിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി ഡി സതീശനും എം വി ഗോവിന്ദനും ആവശ്യപ്പെട്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ