
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. റോഷനും സ്വാസികയും തമ്മിലുള്ള ഇൻ്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. പിന്നാലെ വിമർശനവുമായി ചിലർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ താൻ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലായിരുന്നു നടിയുടെ പ്രതികരണം.
സ്വാസികയുടെ വാക്കുകൾ
അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
അതേസമയം, ചതുരം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.
ജിന്ന് എന്ന സൗബിൻ ഷാഹിർ ചിത്രവും സിദ്ധാർത്ഥിന്റേതായി റിലീസ് കാത്തിരിക്കുകയാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ