
തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അജിത്തിന് ബൈക്ക് റേസും വളരെ ഇഷ്‍ടമുള്ള കാര്യമാണ്. 'തുനിവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരം ലഡാക്കില്‍ ബൈക്കില്‍ യാത്ര പോയത് വലിയ വാര്‍ത്തയായിരുന്നു. നടി മഞ്‍ജു വാര്യരും അന്ന് താരത്തിനൊപ്പം റൈഡിന് ഉണ്ടായിരുന്നു. അടുത്തിടെ മറ്റൊരു പര്യടനം കൂടി പൂര്‍ത്തിയാക്കിയതിന്റെയും പുതിയ യാത്രയുടെയും വിവരങ്ങള്‍ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കഠിനമായ കാലാവസ്ഥയില്‍ അജിത്ത് ബൈക്ക് റൈഡിംഗ് നടത്തി. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും നേപ്പാളിലും ഭൂട്ടാനിലും സഞ്ചരിച്ച അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറിൽ ആരംഭിക്കുമെന്നാണ് സുരേഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്. അജിത്ത് നായകനായി 'തുനിവ്' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'തുനിവ്'. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
Read More: പ്രഭാസിന്റെ 'ആദിപുരുഷ്' കാണാനുള്ള കാരണങ്ങള്‍, ട്രെയിലര്‍ പുറത്ത്