
ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച എ.ആർ മുരുഗദോസ്- സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഗജിനി'യിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. നാൻ കടവുൾ എന്ന ചിത്രം ചെയ്യാനായി ആ സമയത്ത് അജിത്ത് മുടി നീട്ടിവളർത്തിയിരുന്നുവെന്നും അതുകൊണ്ട് തലമൊട്ടയടിക്കാൻ സാധിച്ചില്ലെന്നും മുരുഗദോസ് പറഞ്ഞു.
ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'മദ്രാസി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്താണ് മുരുഗദോസ് ഗജിനിയെ കുറിച്ച് പറഞ്ഞത്.
"അജിത്കുമാറിനെ വെച്ചാണ് ഗജിനി തുടങ്ങിയത് എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്." മുരുഗദോസ് പറഞ്ഞു.
2005 ലായിരുന്നു ഗജിനി പുറത്തിറങ്ങിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസകൾ ലഭിച്ച ചിത്രം പിന്നീട് മുരുഗദോസ് തന്നെ ഹിന്ദിയിലേക്ക് ആമിർഖാനെ നായകനാക്കി റീമേക്ക് ചെയ്തിരുന്നു. അതേസമയം ശിവകാർത്തികേയൻ നായകനാവുന്ന മദ്രാസിയിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.