'ജൂറി ചെയര്‍മാന് ഒരു ഗവര്‍ണര്‍ പദവി എങ്കിലും നല്‍കണം'; ദേശീയ അവാര്‍ഡിനെക്കുറിച്ച് അഖില്‍ മാരാര്‍

Published : Aug 25, 2023, 01:49 PM IST
'ജൂറി ചെയര്‍മാന് ഒരു ഗവര്‍ണര്‍ പദവി എങ്കിലും നല്‍കണം'; ദേശീയ അവാര്‍ഡിനെക്കുറിച്ച് അഖില്‍ മാരാര്‍

Synopsis

 മലയാള സിനിമയ്ക്ക് ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ എട്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്

ഇന്നലെ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ച് പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍. ജൂറിക്ക് വിമര്‍ശനവും അതേസമയം വിജയികള്‍ക്ക് അഭിനന്ദനങ്ങളുമായാണ് അഖിലിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്. 

നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ, അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ ഇത്തവണത്തെ പല അവാര്‍ഡുകളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം മലയാള സിനിമയ്ക്ക് ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ എട്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതില്‍ ആറ് പുരസ്കാരങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും രണ്ടെണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായത്. 2 പുരസ്കാരം നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരാമർശം നേടിക്കൊടുത്തത്. മികച്ച മലയാള സിനിമയും മറ്റൊന്നായിരുന്നില്ല. തിരക്കഥയിലൂടെയാണ് നായാട്ട് സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ സ്വന്തമാക്കി. മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരവും മലയാളത്തിന് സ്വന്തമായി. വിഷ്ണു മോഹനാണ് പുരസ്കാരം നേടിയത്. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം 'ചവിട്ട്' സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു.

നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആർ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവാണ് സ്വന്തമാക്കിയത്. ബെസ്റ്റ് അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരവും മലയാളത്തിനാണ് ലഭിച്ചത്. അദിതി കൃഷ്ണദാസിന്‍റെ 'കണ്ടിട്ടുണ്ട്' ആണ് പുരസ്കാരം സ്വന്തമാക്കിയത്.

ALSO READ : ഡീഗ്രേഡിംഗിനെ മറികടന്നോ 'കൊത്ത'? റിലീസ് ദിനത്തില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ