
ആഘോഷങ്ങളുടെ കൊടുമുടിയിലാണ് പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിന്റെ ആവേശം എങ്ങും അലതല്ലുകയാണ്. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിച്ച് കയറിയപ്പോൾ, ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാർ നൽകിയ സ്നേഹ സമ്മാനം കൂടിയായി അത് മാറി. നിരവധി പേരാണ് ചാണ്ടിയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ അഭിനന്ദനങ്ങൾക്കൊപ്പം ചില ഓർമപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.
ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ പറയുന്നു. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഒരുപാട് ഇടതുപക്ഷ അനുഭാവികൾ ആയിട്ടുള്ളവർ പോലും മനസുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ തയ്യാറായിട്ടുണ്ടെന്നും അഖിൽ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ
എന്റെ പ്രിയ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വിജയിക്കുമ്പോൾ എപ്പോഴും വിജയത്തിന്റെ കാരണം നമ്മൾ മനസിലാക്കിയിരിക്കണം. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ അതിയായ സ്നേഹമാണ് ഇവിടെ ചാണ്ടിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറുന്നത്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളിലെ നന്മയാണ്. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, എതിർത്തിട്ടുള്ള ഒരുപാട് ഇടതുപക്ഷ അനുഭാവികൾ ആയിട്ടുള്ളവർ പോലും മനസുകൊണ്ട് അതിൽ പശ്ചാത്തപിക്കുകയും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മന് ഒരു പിന്തുണ കൊടുക്കാൻ ഒരുപക്ഷേ തയ്യാറായിട്ടുണ്ട് എന്നതാണ് മറ്റൊരു കാരണം. ഇന്ന് താൻ വിജയിക്കാൻ കാരണമായ എല്ലാ കാര്യങ്ങളെയും കട്ട് ചെയ്താൽ മാത്രമെ അടുത്ത തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് നിലനിൽക്കാൻ കഴിയുകയുള്ളൂ. ആ വിജയത്തിന്റെ മാറ്റ് മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അതായത് ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോ വിജയിക്കാനുള്ള കാരണമെന്ന് ചിന്തിക്കണം. എങ്കിൽ മാത്രമെ നാളെയും നിങ്ങൾക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ. എതിരാളിയുടെ പരാജയമാകരുത് നമ്മുടെ നേട്ടവും അംഗീകാരങ്ങളും. ചെസ് കളിക്കുമ്പോൾ നമ്മുടെ നീക്കം കൊണ്ടാകണം എതിരാളിയെ പരാജയപ്പെടുത്തേണ്ടത്. അല്ലാതെ അവരുടെ മണ്ടത്തരം കൊണ്ടാകരുത്. അത് എപ്പോഴും നിങ്ങളുടെ മനസിൽ ഉണ്ടാകണം. മികച്ച പ്രവർത്തനങ്ങളിലൂടെ ഈ വിജയം നിലനിർത്താൻ പരിശ്രമിക്കുക. എന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. നമ്മുടെ നാട് നന്നാകണമെങ്കിൽ ക്രിയാത്മകമായ പ്രതിപക്ഷവും മികച്ചൊരു ഭരണപക്ഷവും ഉണ്ടാവണം.
'മാതൃത്വത്തിന്റെ തണൽ കിട്ടിയിട്ട് 21 വർഷം'; അനശ്വരയ്ക്ക് സഹോദരിയുടെ ആശംസ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ