
1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയില്‍ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍. സിനിമയിലേക്ക് തീരുമാനിച്ചവര്‍ക്ക് അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞെന്നും ആദ്യ ഷെഡ്യൂള്‍ ഫെബ്രുവരി 20ന് ആരംഭിക്കുമെന്നും അലി അക്ബര്‍ പറയുന്നു. മൂന്ന് ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ആദ്യ ഷെഡ്യൂളിന്‍റെ ലൊക്കേഷന്‍ വയനാട് ആണെന്നും സംവിധായകന്‍
"താരങ്ങളെ നിശ്ചയിക്കാനും അവര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുമായുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. ഫെബ്രുവരി 20ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ഫെബ്രുവരി 2ന് കോഴിക്കോട് വച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന സ്വിച്ച് ഓണും സോംഗ് റിലീസും നടക്കും. ലക്ഷ്യത്തിലേക്ക് സാമ്പത്തികമായി എത്തിയിട്ടില്ലെങ്കിലും മൂന്ന് ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 30 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടക്കും. പിന്നീട് സെറ്റ് വര്‍ക്കിനുശേഷം രണ്ടാമത്തെ ഷെഡ്യൂളും അതിനുശേഷം ഫൈനല്‍ ഷെഡ്യൂളും നടത്തും. നടീനടന്മാരെ സമീപിച്ചപ്പോള്‍ ഇരുകൈയും നീട്ടിത്തന്നെയാണ് അവര്‍ സ്വീകരിച്ചത്. ആര്, എങ്ങനെ എന്നൊക്കെ വഴിയേ പറയാം. അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ എതിരഭിപ്രായക്കാരെക്കൊണ്ട് കമന്‍റുകള്‍ വരുത്താതിരിക്കാനാണ് ഇപ്പോള്‍ പേര് പ്രഖ്യാപിക്കാത്തത്. മലയാളത്തില്‍ അറിയപ്പെടുന്ന പ്രഗത്ഭരായ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കുക. അവര്‍ക്കൊക്കെ അഡ്വാന്‍സും കൊടുത്തുകഴിഞ്ഞു. ആദ്യ ഷെഡ്യൂളിനുള്ള പണമാണ് കൈവശമുള്ളത്. ഒരു കോടിക്ക് മുകളിലാണ് ഇതുവരെ ക്രൗഡ് ഫണ്ടിംഗ് വഴി കിട്ടിയ തുക. ഷൂട്ടിംഗിനുവേണ്ട എല്ലാ സാധന സാമഗ്രികളും തയ്യാറാക്കിവച്ചുകഴിഞ്ഞു", അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി പറഞ്ഞു.
സിനിമയുടെ പേര് ഡിസംബര്‍ അവസാനം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. '1921 പുഴ മുതല്‍ പുഴ വരെ' എന്നാണ് ചിത്രത്തിന്‍റെ പേര്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നുമാണ് അലി അക്ബറിന്‍റെ പക്ഷം. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ