ജാൻമണി ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതെയിരിക്കാനാവില്ലെന്ന് രഞ്‍ജിനി ഹരിദാസ്.
അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാള സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലര്‍ക്കും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ജാൻമണിക്ക് വലിയ കയ്യടികളും ലഭിച്ചിരുന്നു. എന്നാൽ അതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിനെത്തുടർന്ന് ജാൻമണി വീണ്ടും വിവാദത്തിൽ അകപ്പെടുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാൻമണിയുടെ ഉറ്റസുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ലെന്ന് രഞ്ജിനി പറയുന്നു.
''ഇത് പറയണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോടു തന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു, പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്. ജാൻമണി എന്റെ സുഹൃത്താണ്, സ്നേഹവുമുണ്ട്. പക്ഷെ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതെയിരിക്കാനാവില്ല.
ഒരു റീൽ കണ്ടിട്ടാണ് അറിവില്ലായ്മ വെച്ച് ജാൻ സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ചാണ്, അതും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് സത്യം എന്താണെന്ന് പോലും അറിയാതെയാണ് സംസാരിച്ചത്. വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി! അവളുടെ ചുറ്റം നിൽക്കുന്ന ഞങ്ങളേയും ഇതെല്ലാം ബാധിക്കുന്നുണ്ട്. കുട്ടികളല്ലല്ലോ, സംസാരിക്കും മുമ്പ് ചിന്തിക്കണ്ടേ? സത്യം എന്താണെന്ന് അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവത്കരിച്ചു. പിള്ളേർ നേടിയ വിജയം 24 മണിക്കൂർ പോലും എനിക്ക് ആഘോഷിക്കാനായി ജാനു തന്നില്ല. അതിനിടയിൽ ഇങ്ങനെയെല്ലാം പറഞ്ഞു. അവളോട് നല്ല ദേഷ്യം തോന്നി'', രഞ്ജിനി പറഞ്ഞു.
