കിരൺ ദാസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പോലീസ് കോൺസ്റ്റബിളായി അഭിനയിക്കുന്ന 'ഉന്മാദം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ഷാഹി കബീറിന്റേതാണ് തിരക്കഥ.
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉന്മാദം'. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് കോൺസ്റ്റബിളായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോമോൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഉന്മാദം സെറ്റിലുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഫൈറ്റ് രംഗം ചിത്രീകരിക്കാൻ നേരത്ത് നിലത്ത് വിരിച്ചിരുന്ന ബെഡ് കാണാനില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോൾ സംവിധായകൻ അതിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
"പറയണോ വേണ്ടയോ എന്നറിയാത്ത വേറൊരു സംഗതി കൂടെയുണ്ട്. ഈ സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഒരു ഫൈറ്റുണ്ട്. ഔട്ട് ഡോര്‍ ഫൈറ്റാണ്. കുറച്ച് മെറ്റലുകള്‍ കൂട്ടിയിട്ട് അതിന്റെ ഇടയില്‍ വച്ചുള്ളതാണ്. ഫൈറ്റില്‍ എനിക്ക് നിലത്ത് വീഴണം. താഴെ ബെഡ്ഡൊക്കെ വിരിച്ചിടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഷൂട്ടിന്റെ സമയത്ത് ബെഡ്ഡ് കാണുന്നില്ല. എല്ലാവരും ബെഡ്ഡ് നോക്കിയിറങ്ങി. അവസാനം നോക്കുമ്പോള്‍ ഡയറക്ടര്‍ അതില്‍ കിടന്നുറങ്ങുകയായിരുന്നു." കുഞ്ചാക്കോ ബോബൻ പറയുന്നു.
അതേസമയം രു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഉന്മാദം എന്ന സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.



