
കഴിഞ്ഞ ദിവസം 69മത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ തെലുങ്ക് സിനിമയ്ക്ക് ചരിത്ര നിമിഷം ആയിരുന്നു. മികച്ച നടനായി അല്ലു അർജുനെ തെരഞ്ഞെടുത്ത് തന്നെ ആയിരുന്നു അതിന് കാരണം. ഒടുവിൽ ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന ഖ്യാതിയും അല്ലു അർജുന് സ്വന്തം. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതിനിടെ ലഭിച്ച ഈ പുരസ്കാരം ഇരട്ടി മധുരം ആണ് നടന് സമ്മാനിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പുരസ്കാര നിറവിൽ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച എല്ലാവരോടും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. "രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി ദേശീയ അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേട്ടങ്ങൾ ശരിക്കും പ്രശംസനീയമാണ്. രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഒഴുകുന്ന സ്നേഹത്തിനും ആശംസകൾക്കും എന്റെ നന്ദി അറിയിക്കുന്നു. അതെല്ലാം കണ്ട് ബഹുമാനവും വിനയവും തോന്നുന്നു. സ്നേഹത്തിന് നന്ദി. സ്നേഹത്തോടെ", എന്നാണ് അല്ലു അർജുൻ കുറിച്ചത്.
നിരവധി പേരാണ് അല്ലു അർജുന്റേ നേട്ടത്തിൽ ആശംസകളുമായി രംഗത്തെത്തുന്നത്. അതേസമയം, അല്ലുവിനെ മികച്ച നടനായി തെരഞ്ഞെടുത്തതിൽ വിമർശനങ്ങളും ഒരു കോണിൽ നടക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തിയ വേറെ നടന്മാർ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ടാണ് അവരെ ജൂറി തഴഞ്ഞതെന്നും ഇവർ ചോദിക്കുന്നു.
2021 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഷ്പ. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും അഭിനയിച്ചിരുന്നു. പതിവിലുള്ള സ്റ്റൈലിഷ് ലുക്ക് ദൂരെക്കളഞ്ഞ് അല്ലു അർജുൻ തകർത്താടിയപ്പോൾ എസ്പി ഭൻവർ സിംഗ് ഷെഖാവത് ആയി ഫഹദും കസറി. രശ്മിക മന്ദാന നായികയായി എത്തുന്ന പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് നിലവിൽ തെന്നിന്ത്യൻ സിനിമാസ്വാദകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ