
ചെന്നൈ: ദക്ഷിണേന്ത്യൻ താരം എന്ന നിലയില്‍ നിന്നും അല്ലു അര്‍ജുനെ പാന്‍ ഇന്ത്യന്‍ താരമാക്കിയ ചിത്രങ്ങളായിരുന്നു പുഷ്പ 1, പുഷ്പ 2വും. ഈ പാന്‍ ഇന്ത്യന്‍ താരമൂല്യം മുതലെടുക്കാന്‍ തന്നെയാണ് അടുത്ത വലിയ സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നത്. ജവാൻ സംവിധായകനായ അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യാ ചിത്രത്തിലാണ് അല്ലു അർജുൻ നായകനായി എത്തുന്നത്.
ടൈം ട്രാവല്‍ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചന. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ഇതിലുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുഷ്പ 2വിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായ അല്ലുവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
ഈ ചിത്രത്തിൽ അല്ലു അർജുൻ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു എന്നാണ് നായകനും വില്ലനും അല്ലു തന്നെയായിരിക്കും കൂടാതെ ഒരു ആനിമേഷൻ കഥാപാത്രമായും അല്ലു പ്രത്യക്ഷപ്പെടും. മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ അല്ലു അർജുന്‍ ഒരു ചിത്രത്തില്‍ എത്തുന്നത് ഇത് ആദ്യമായാണ്.
ഓരോ കഥാപാത്രത്തിനും അനുയോജ്യമായ ബോഡി ട്രാൻസ്ഫോർമേഷൻ, സ്റ്റൈലിംഗ്, ലുക്കുകൾ എന്നിവ ഉണ്ടാക്കിയെടുക്കാന്‍ അല്ലു കഠിനമായി പരിശീലനം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് ഭാഗങ്ങൾക്കായി അന്താരാഷ്ട്ര വിദഗ്ധരോടൊപ്പമാണ് അറ്റ്ലി പ്രവര്‍ത്തിക്കുന്നത്.
700 കോടി രൂപയുടെ ഭീമമായ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് വിവരം. ചിത്രത്തിലെ നായികമാരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ജാന്‍വി കപൂര്‍, അനന്യ പാണ്ഡേ എന്നിവരെ പ്രധാന വേഷങ്ങളില്‍ പരിഗണിച്ചേക്കും എന്നാണ് വിവരം.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം ആരംഭിക്കും. 2026 അവസാനം അല്ലെങ്കില്‍ 2027 ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്നാണ് വിവരം. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ സിനിമയ്ക്കായി അല്ലു അർജുൻ 300 കോടി രൂപ പ്രതിഫലമായി വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന താരമായി മാറിയെന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
അതേ സമയം സംവിധായകന്‍ അറ്റ്ലിക്ക് 100 കോടി രൂപ പ്രതിഫലം ലഭിക്കും എന്നാണ് വിവരം. ഇതുവരെ തമിഴ് സിനിമാ ചരിത്രത്തിൽ ഒരു സംവിധായകന്‍ ലഭിക്കുന്ന ഏറ്റവും കൂടിയ പ്രതിഫലമാണ് ഇത്.