
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം (AMMA General Body) ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ പത്തിനാണ് പ്രസിഡന്‍റ് മോഹൻലാലിന്‍റെ (Mohanlal) അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിക്കുന്നത്. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക.
നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും.
അമ്മയിലെ തെരഞ്ഞെടുപ്പ്, സിദ്ധീഖിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധത്തിന് സാധ്യത
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ സിദ്ദിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങൾ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുതലേദിവസം നടനിട്ട കുറിപ്പ് ഇതിനകം സംഘടനയ്ക്കുളളിൽ ചർച്ചയായിട്ടുണ്ട്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ദിഖിട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ അവസാന ഭാഗത്തെ വരികളാണ് വിവാദമായത്.
'ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല...'
പോസ്റ്റിലെ ഈ പരാമർശങ്ങൾ വഴി സിദ്ദിഖ് ആരെയൊക്കെയാണ് വിമർശിക്കുന്നതെന്ന ചർച്ച അണിയറിൽ സജീവമാണ്. നടൻ ഷമ്മി തിലകനും ഉണ്ണി ശിവ്പാലും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്ത് വന്നെങ്കിലും നോമിനേഷനിൽ ഒപ്പിടാൻ വിട്ടുപോയതിനെ തുടർന്ന് ഇവരുടെ നോമിനേഷൻ തളളിയിരുന്നു. രാവിലെ പത്ത് മണിക്കാണ് ജനറൽ ബോഡി തുടങ്ങുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ