
രണ്ട് ദിവസം മുമ്പാണ് താരസംഘടനയായ 'അമ്മ'യുടെ(AMMA) ജനറൽ ബോഡി യോഗം നടന്നത്. ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവും(Vijay Babu) യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ വൻ വിമർശനങ്ങളാണ് സിനിമയ്ക്ക് അകത്ത് തന്നെ താരസംഘടനയ്ക്ക് എതിരെ ഉയർന്നത്. ഹരീഷ് പേരടി, നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ഈ അവസരത്തിൽ 'അമ്മ' സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്.
'അമ്മ' യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിജയ് ബാബുവിന്റെ വിഷ്വൽസ് മാത്രം ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പശ്ചാത്തലമായി മാസ് ബിജിഎമ്മും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.
എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ അമ്മ അംഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സംഘടനയിൽ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ'? ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതുമെന്നും ഗണേശ് പ്രതികരിച്ചിരുന്നു. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ