'എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു'; ജേജിയുടെ ഓര്‍മയില്‍ സന്തോഷ് പാലിയുടെ കുറിപ്പ്

By Web TeamFirst Published Dec 26, 2019, 1:45 AM IST
Highlights

ഞെട്ടലോടെ കേട്ട ജേജിയുടെ മരണവാര്‍ത്തയ്ക്ക് ശേഷം  ഓര്‍മകളില്‍ അവതാരകനായ സന്തോഷ് പാലി എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ് 

കഴിഞ്ഞദിവസമാണ് ഗായികയും ടെലിവിഷന്‍ അവതാരകയുമായി ജേജി ജോണിനെ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജേജി ജോണിന്‍റെ അപ്രതീക്ഷിത മരണം. കഴിഞ്ഞ ദിവസം വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

ജേജിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങിക്കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികള്‍ പറ‍ഞ്ഞത്.

ഞെട്ടലോടെ കേട്ട ജേജിയുടെ മരണവാര്‍ത്തയ്ക്ക് ശേഷം  ഓര്‍മകളില്‍ അവതാരകനായ സന്തോഷ് പാലി എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ് ഇപ്പോള്‍. അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും പലപ്പോഴും കലഹിച്ചിട്ടുണ്ടെങ്കിലും ഒന്നും സംഭവിക്കാത്ത വിധം വന്ന് ഹഗ് ചെയ്ത് അവസാനിപ്പിക്കുമെന്നും  സന്തോഷ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കലഹിച്ചിട്ടുണ്ട്...പല തവണ.. ഷൂട്ടിംഗ് ഫ്ലോറിൽ വെച്ച്. അക്കൂട്ടത്തിൽ അവർ കലഹിക്കാത്ത ആരെങ്കിലുമുണ്ടോ ?സംശയമായിരുന്നു. പക്ഷെ പാക്ക് അപ്പ് വിളിക്കും മുൻപ് ഒന്നും സംഭവിക്കാത്ത വിധം വന്നു ഹഗ് ചെയ്യും. എന്നിട്ടു ചോദിക്കും ഇനി എന്നെ വിളിക്കില്ലായിരിക്കും അല്ലെ എന്ന്!

പിന്നെയും വിളിച്ചു പല തവണ. റോസ് ബൗൾ എന്ന കേബിൾ ടെലിവിഷനിലെ കുക്കറി ഷോയിൽ നിന്നും സാറ്റ്‍ലൈറ്റ് ചാനലിന്റെ റിയാലിറ്റി ഷോ ലോകത്തേക്ക് ഞാൻ ക്ഷണിക്കുമ്പോൾ ചാനലിൽ തന്നെ മുറുമുറുപ്പുകളുണ്ടായിരുന്നു.

അന്ന് അവരുടെ അല്പവസ്ത്രങ്ങളുടെ പേരിലുള്ള അസ്വസ്ഥതകൾ പലരും പ്രകടമാക്കിയിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ജേജി നിവർന്നു നിന്നു. തുളച്ചു പറിയ്ക്കുന്ന ചില തുറിച്ചു നോട്ടങ്ങളെ നല്ല മുട്ടൻ ഓസ്‌ഫോർഡ് തെറി പറഞ്ഞു മടക്കി അയച്ചു.
ആ വിമർശകർ തന്നെകാണാനായി തന്നെ ഇരിക്കുന്നവരാണെന്നു വിശ്വസിച്ചു.

സാമാന്യ പ്രേക്ഷകന് ദഹിക്കാത്ത തന്റേടവും താൻപോരിമയും ഒരലങ്കാരമായിത്തന്നെ കൊണ്ട് നടന്നു. മാദകത്വത്തിന്റെ ശരീരഭാഷയും പറക്കുന്ന ചുംബനങ്ങളും നൽകുന്ന ആദ്യ വിധികർത്താവിനെ കണ്ടു നർത്തകർക്കും ആവേശം.

ലിഖിതമായ വിധിപ്രസ്താവങ്ങളെ ജേജി കണ്ണിറുക്കി പ്രതിരോധിച്ചു.

ഒരു ഷെഡ്യൂളിന്റെ പാക്ക് അപ്പിന് മുന്നോടിയായി ലാസ്റ്റ് പെർഫോമൻസ് കഴിഞ്ഞ നേരം .
നർത്തന മികവിനേക്കാൾ താരതമ്യേന മോശമായി പെർഫോം ചെയ്ത ഒരു ടീമിന് അംഗസൗന്ദര്യത്തിനു ജേജി മാർക്കിട്ടപ്പോൾ എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നു. അന്നും കലഹിച്ചു.

ആ ചൂടിന് പറഞ്ഞതിനെ ന്യായീകരിക്കാൻ വേദിയിൽ കയറി .
ഞാൻ ഫ്ലോറിൽ നിന്നും ഇറങ്ങിപ്പോയി.
കുറച്ചു കഴിഞ്ഞു പുറകിൽ വന്നു സോറി പറഞ്ഞു പിന്നീട് ചോദിച്ചു. ‘ ഇനി എന്നെ വിളിക്കത്തില്ലായിരിക്കും അല്ലെ എന്ന് ?

അതെ .. ആ ഷോ അന്നവസാനിച്ചു. പിന്നീട് ഞാൻ ജേജിയെ വിളിച്ചിട്ടില്ല.

എട്ടോളം വർഷങ്ങൾ കഴിഞ്ഞു . രണ്ടു വർഷങ്ങൾക്കു മുൻപ് ഫേസ്ബുക് inbox സന്ദേശത്തിൽ ജേജിയെ ഞാൻ എന്തിനാണ് ബ്ലോക്ക്ചെയ്തത് എന്ന് ചോദിച്ചു. ബോധപൂർവം ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നൽകി . ഓക്കേ ഇപ്പോൾ സമാധാനമായെന്നു മറുപടി സന്ദേശവും വന്നു.

ജേജിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?
ഞാൻ കണ്ടു തുടങ്ങുമ്പോൾ മുതൽ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു. ആ അസ്വസ്ഥതകൾ
അവരുടെ കലഹങ്ങൾക്കു കാരണവുമായി തീർന്നിരുന്നു.
അവരുടെ സ്വകാര്യതകൾക്കു മേൽ കണ്ണുകൾ പായിക്കാൻ മനസ്സോ സമയമോ അനുവദിക്കാതിരുന്ന ആ കാലഘട്ടത്തിലെ പ്രൊഫഷണൽ സൗഹൃദത്തിന് ആരോഗ്യപരമായ ഒരകലം പാലിച്ചു ഞാനും മാറി നിന്നു.

ഒരിക്കലും ഒരു കുലസ്ത്രീയാവാൻ ജേജി ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലും ആ ‘Haute couture ’
ശരീരത്തെയോ മനസ്സിനെയോ അതിനനുവദിക്കില്ലായിരുന്നു.

‘വാട്ട് ഈസ് ലൈഫ് വിത്തോട്ട് എ സ്ലൈസ് ഓഫ് മിസ്റ്ററി’ ?
ആ ദുരൂഹത ഇതാ ഇന്ന് ആ മരണത്തിലും ജേജി പിൻതുടർന്നു.

ഏതു കലഹങ്ങളെയും വിയോജിപ്പുകളെയും നിർവീര്യമാക്കുന്നതാണ് മരണം എന്ന പരമമായ സത്യം.
 

click me!