'കൈയിലെ പരിക്കിനെപ്പറ്റി ആരോടും പറയാതെ ഫൈറ്റ് ചെയ്തത് നാല് ദിവസം'; മോഹന്‍ലാലിനെക്കുറിച്ച് അനൂപ് മേനോന്‍

Published : Dec 22, 2019, 04:36 PM IST
'കൈയിലെ പരിക്കിനെപ്പറ്റി ആരോടും പറയാതെ ഫൈറ്റ് ചെയ്തത് നാല് ദിവസം'; മോഹന്‍ലാലിനെക്കുറിച്ച് അനൂപ് മേനോന്‍

Synopsis

'സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ 'ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി. അറിയിച്ചിട്ടില്ല ലാലേട്ടന്‍.'

തന്റെ വലതുകൈയില്‍ നടത്തിയ ഒരു ശസ്ത്രക്രിയയെക്കുറിച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ചികിത്സിച്ച ഡോക്ടര്‍ക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടറുടെ പേരും ശസ്ത്രക്രിയയുടെ കാര്യവും പറഞ്ഞിരുന്നുവെങ്കിലും പരുക്കിന് കാരണം എന്താണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍. ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു അനൂപ്. മോഹന്‍ലാലിന്റെ കൈയിലെ പരുക്കിനെക്കുറിച്ചും അഥ് വകവെക്കാതെ നാല് ദിവസം അദ്ദേഹം സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ് അനൂപ് മേനോന്‍.

അനൂപ് മേനോന്‍ പറയുന്നു

സംവിധായകന്‍ സിദ്ധിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു. എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ. ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്. കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം. ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു. 'എന്തു പറ്റി' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു ദുബൈയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെവച്ചൊന്നു വീണു. കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റിന് കാരണം.

'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്. ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം. നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം. നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ. കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം.

സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ 'ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി. അറിയിച്ചിട്ടില്ല ലാലേട്ടന്‍.

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ ബാന്‍ഡേജ് ഉണ്ട്. സര്‍ജറി കഴിഞ്ഞു എന്നു പറഞ്ഞു. അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ. ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം. നിര്‍മ്മാതാവിനും സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ 'നിനോ'; മികച്ച പ്രതികരണങ്ങൾ
ഒന്നാം ദിവസം മികച്ച പ്രതികരണം നേടി സർവൈവൽ ഡ്രാമ 'ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്'